ലോസ് ആഞ്ചലസ് മേയർ അങ്കത്തിന് മലയാളി വനിത; കരൺ ബാസിന് വെല്ലുവിളിയുമായി നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ അങ്കത്തിന് മലയാളി വനിത; കരൺ ബാസിന് വെല്ലുവിളിയുമായി നിത്യ രാമൻ

ലോസ് ആഞ്ചലസ്: അമേരിക്കയിലെ പ്രമുഖ നഗരമായ ലോസ് ആഞ്ചലസിൻ്റെ (എൽ.എ) അമരത്തെത്താൻ മലയാളി വംശജയായ നിത്യ രാമൻ മത്സര രംഗത്ത്. നിലവിലെ സിറ്റി കൗൺസിൽ അംഗവും നഗര രാഷ്ട്രീയത്തിലെ പ്രമുഖ പ്രോഗ്രസീവ് ശബ്ദവുമായ നിത്യ നിലവിലെ മേയർ കരൺ ബാസിനെതിരെയാണ് ജനവിധി തേടുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് നിത്യ തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

72 വയസുള്ള മേയർ കരൺ ബാസ് രണ്ടാം കാലാവധിക്കായി ശ്രമിക്കുമ്പോഴാണ് 44 കാരിയായ നിത്യ വെല്ലുവിളി ഉയർത്തുന്നത്. നഗരത്തെ നടുക്കിയ പാലിസേഡ്സ് തീപിടിത്തം കൈകാര്യം ചെയ്തതിൽ ഭരണകൂടത്തിനുണ്ടായ വീഴ്ച വലിയ ചർച്ചയായിരുന്നു. പാർപ്പിടമില്ലായ്മ, നഗര സുരക്ഷ, ഭരണത്തിലെ സുതാര്യത എന്നിവ മുൻനിർത്തിയാണ് നിത്യ വോട്ട് തേടുന്നത്. ലോസ് ആഞ്ചലസിലെ കാര്യങ്ങൾ നടക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നഗരത്തിൻ്റെ അടിസ്ഥാന സംവിധാനങ്ങൾ തകരുമെന്ന് നിത്യ രാമൻ മുന്നറിയിപ്പ് നൽകി.

കേരളത്തിൽ ജനിച്ച് ആറാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയ നിത്യ ഹാർവാർഡ് സർവകലാശാലയിൽ നിന്നും എം.ഐ.ടിയിൽ നിന്നുമാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 2013 വരെ ഇന്ത്യയിലെ ചേരികളിൽ നഗര ആസൂത്രണ രംഗത്ത് പ്രവർത്തിച്ച പരിചയവുമായാണ് അവർ ലോസ് ആഞ്ചലസിലെത്തുന്നത്. 2020 ൽ എൽ.എ സിറ്റി കൗൺസിലിലെത്തിയ ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയായും ആദ്യ ദക്ഷിണേഷ്യക്കാരിയായും നിത്യ ചരിത്രം കുറിച്ചിരുന്നു.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പിന്തുണ നിത്യ രാമനുണ്ട്. ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സോഹ്റാൻ മംദാനിയുടെ വിജയത്തിന് പിന്നാലെ നിത്യയും മത്സരിക്കാനിറങ്ങുന്നത് ദേശീയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. നഗര ആസൂത്രക, ഭവനരഹിതർക്കായുള്ള പോരാളി എന്നീ നിലകളിൽ നിത്യയ്ക്കുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ.

ടെലിവിഷൻ തിരക്കഥാകൃത്തായ വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. കർണ, കാവേരി എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയാണ് നിത്യ. മേയർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും 2028 വരെ സിറ്റി കൗൺസിൽ സീറ്റ് നിലനിൽക്കുമെന്നതിനാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കാതെ തന്നെ നിത്യയ്ക്ക് മത്സരത്തിൽ സജീവമാകാൻ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.