ഇന്ത്യ-യുഎസ് വ്യാപാര കരാർ: നിർണായക വ്യവസ്ഥകളിൽ മാറ്റം വരുത്തി വൈറ്റ് ഹൗസ്; 'ഉറപ്പിൽ' നിന്ന് 'ലക്ഷ്യത്തിലേക്ക്' പിന്മാറ്റം

ഇന്ത്യ-യുഎസ് വ്യാപാര കരാർ: നിർണായക വ്യവസ്ഥകളിൽ മാറ്റം വരുത്തി വൈറ്റ് ഹൗസ്; 'ഉറപ്പിൽ' നിന്ന് 'ലക്ഷ്യത്തിലേക്ക്' പിന്മാറ്റം

വാഷിങ്ടൺ : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ വസ്തുതാ പത്രിക പുറത്തിറങ്ങി മണിക്കൂറുകൾക്കകം നിബന്ധനകളിൽ മാറ്റം വരുത്തി വൈറ്റ് ഹൗസ്. കരാറിലെ നിർണായക പദങ്ങളിലും നികുതി ഇളവ് നൽകുന്ന ഉൽപന്നങ്ങളുടെ പട്ടികയിലുമാണ് മാറ്റം വരുത്തിയത്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വാങ്ങൽ ഉറപ്പുകളെയും ഡിജിറ്റൽ നികുതി നയങ്ങളെയും ബാധിക്കുന്നതാണ് ഈ തിരുത്തലുകൾ.

കരാറിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം വാങ്ങൽ ഉറപ്പ് സംബന്ധിച്ചുള്ളതാണ്. 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു ആദ്യ പതിപ്പിലുണ്ടായിരുന്നത്. എന്നാൽ പരിഷ്കരിച്ച രേഖയിൽ ഇത് ഇന്ത്യ വാങ്ങാൻ ഉ​ദേശിക്കുന്നു എന്ന് മാറ്റി. ഇത് കരാറിന്റെ നിയമസാധുതയിലും ഉറപ്പിലും മാറ്റം വരുത്തുന്ന ഒന്നായാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.

യുഎസ് കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ നൽകാനിരുന്ന നികുതി ഇളവുകളുടെ പട്ടികയിലും തിരുത്തലുണ്ട്. ആദ്യം പുറത്തിറക്കിയ രേഖയിൽ ഉണങ്ങിയ ധാന്യങ്ങൾക്കും കൽപ്പഴങ്ങൾക്കും ഒപ്പം ചില പയറുവർ​ഗങ്ങൾക്കും നികുതി ഇളവ് നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പുതിയ പതിപ്പിൽ നിന്ന് പയറുവർ​ഗങ്ങളെ പൂർണമായും ഒഴിവാക്കി. ഇത് ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.

ഡിജിറ്റൽ വ്യാപാരവുമായി ബന്ധപ്പെട്ട കടുത്ത നിബന്ധനകളിലും വൈറ്റ് ഹൗസ് അയവ് വരുത്തിയിട്ടുണ്ട്. ഇന്ത്യ ഡിജിറ്റൽ സേവന നികുതികൾ പൂർണമായും നീക്കം ചെയ്യുമെന്ന് ആദ്യ രേഖയിൽ അവകാശപ്പെട്ടിരുന്നു. പുതിയ രേഖയിൽ ഈ വാചകം ഒഴിവാക്കി. പകരം ഡിജിറ്റൽ വ്യാപാര നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ സമ്മതിച്ചു എന്ന് മാത്രമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ വരുത്തിയ ഈ മാറ്റങ്ങൾ ആഗോള വ്യാപാര രംഗത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.