ബംഗ്ലാദേശില്‍ ഇന്ന് ജനവിധി: കനത്ത സുരക്ഷയില്‍ പോളിങ് പുരോഗമിക്കുന്നു; ഹസീനയുടെ പാര്‍ട്ടിക്ക് വിലക്ക്

ബംഗ്ലാദേശില്‍ ഇന്ന് ജനവിധി: കനത്ത സുരക്ഷയില്‍ പോളിങ് പുരോഗമിക്കുന്നു; ഹസീനയുടെ പാര്‍ട്ടിക്ക് വിലക്ക്

ധാക്ക: ബഹുജന പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു.

രാവിലെ 7.30 ന് തുടങ്ങിയ പോളിങ് വൈകുന്നേരം 4.30 ന് അവസാനിക്കും. പിന്നാലെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലങ്ങള്‍ ഇന്ന് രാത്രി അറിയാം. നാളെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാര്‍ലമെന്റംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 12.9 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. അമ്പതിലേറെ പാര്‍ട്ടികളില്‍ നിന്നായി 1981 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയതിനാല്‍ ഹസീനയുടെ അവാമി ലീഗ് മത്സരരംഗത്തില്ല.

സമാധാന നോബല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സര്‍ക്കാരിന്റെ 18 മാസം നീണ്ട ഭരണത്തിന് ശേഷമാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലെ സഖ്യത്തിനാണ് മുന്‍തൂക്കം. മുഖ്യ എതിരാളിയായ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി മത്സരത്തിന് ഇല്ലാത്തത് ബി.എന്‍.പിയ്ക്ക് ഗുണം ചെയ്യും. യൂനുസ് സര്‍ക്കാര്‍ ഭീകര വിരുദ്ധ നിയമ പ്രകാരം അവാമി ലീഗിനെ നിരോധിച്ചിരുന്നു.

അതേ സമയം, ഹസീന തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിലക്കിയ ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയെ യൂനുസ് തിരികെയെത്തിക്കുകയും ചെയ്തു. ഹസീനയുടെ പതനത്തിന് കാരണമായ 2024 ലെ പ്രക്ഷോഭത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി ഇവര്‍ക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിക്കുന്നു.

അഞ്ച് തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹസീന പാലിച്ച മതനിരപേക്ഷ നിലപാടിന് വിരുദ്ധമായി രാജ്യത്ത് ഇപ്പോള്‍ ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. ആക്രമണം തടയുന്നതില്‍ ഇടക്കാല സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനവുമുണ്ട്.

ഭരണഘടനാ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള 'ജൂലൈ ചാര്‍ട്ടര്‍' നടപ്പാക്കുന്നതിനായി ദേശീയ ഹിതപരിശോധനയും തിരഞ്ഞെടുപ്പിന് അനുബന്ധമായി നടക്കും. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ തയ്യാറാക്കിയതാണ് ജൂലൈ ചാര്‍ട്ടര്‍.

ഭരണത്തില്‍ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, പ്രധാനമന്ത്രി ടേമുകള്‍ക്ക് പരിധി, പ്രസിഡന്‍ഷ്യല്‍ അധികാരത്തിന്റെ ശാക്തീകരണം, മൗലികാവകാശങ്ങളുടെ വികസനം, ജുഡിഷ്യല്‍ സ്വാതന്ത്ര്യം ഉറപ്പാക്കല്‍ തുടങ്ങി ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടം പുനര്‍നിര്‍മിക്കാനുള്ള നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.