കൊച്ചി: ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത് സര്‍ക്കാരിന്റെ അടിമുടി ധൂര്‍ത്ത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശക്തമായ ഹൈക്കോടതി ഇടപെടലും അന്വേഷണവും ആരംഭിക്കുന്ന ഘട്ടത്തിലായിരുന്നു ആഗോള അയ്യപ്പ സംഗമം നടത്തിയത്.
ദേവസ്വം ബോര്‍ഡില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഇതിനായി ഒരു രൂപ പോലും എടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ നടത്തിയ പരിപാടിയിലാണ് വ്യാപക ക്രമക്കേടുണ്ടായിട്ടുള്ളത്. മൊത്തം 10.99 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് ചെലവായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദേവസ്വം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ എടുക്കുകയും അതില്‍ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടില്‍ നിന്നുള്ള രണ്ട് കോടിയും ബാങ്ക് പലിശയും ചേര്‍ത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തു തീര്‍ക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ട്.
ബജറ്റില്‍ നിശ്ചയിച്ചതിലും വളരെ കൂടുതല്‍ തുകയാണ് അയ്യപ്പ സംഗമത്തിന് ചെലവായിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായതെന്നാണ് കണക്ക്. സംഗമം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു.
അദേഹത്തിന് വേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവാക്കിയിട്ടുണ്ട്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും ചെലവാക്കി, കോര്‍ണര്‍ സോഫയ്ക്ക് 65000. പമ്പ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികള്‍ ദേവസ്വം സ്വത്തായി മാറ്റിയെന്നാണ് പറയുന്നത്. എന്നാല്‍ ഇത് എങ്ങോട്ട് മാറ്റി എന്നതില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല.
വേദിയില്‍ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടക്കാത്ത ഭജനയുടെ പേരില്‍, നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലില്‍ ഉണ്ട്. ഉപഹാരമായി നല്‍കിയ അയ്യപ്പ വിഗ്രഹങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ കൃത്യമല്ലെന്നതടക്കം വിവരം പുറത്തു വരുന്നുണ്ട്. പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളില്ല.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നല്‍കിയ കരാറില്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഇപ്പോള്‍ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടര്‍ടാങ്കും അനുബന്ധ ടാപ്പുകളും സ്ഥാപിക്കാന്‍ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു.
എന്നാല്‍, വാങ്ങിയ സാധങ്ങള്‍ സ്വത്തു വകയായി കാണിച്ചതില്‍ ഈ വാട്ടര്‍ ടാങ്ക് കാണുന്നില്ല. 150 മെത്തകള്‍ വാങ്ങിയതായി സ്റ്റേറ്റ്‌മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമ കേന്ദ്രത്തിനാണ് നല്‍കിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.
ടാക്‌സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായി. പ്രഭാത ഭക്ഷണം (4000 പേര്‍) 4.2 ലക്ഷം, ഉച്ചഭക്ഷണം (5000 പേര്‍) 8.5 ലക്ഷം, വൈകുന്നേരം ചായ (5000 പേര്‍) 2 ലക്ഷം, രാത്രി ഭക്ഷണം (3000 പേര്‍) 4.5 ലക്ഷം, എട്ട് അടി ഉയരമുള്ള സുരക്ഷാവേലി 3.24 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.