ഇരുട്ടറയിലെ 491 നാളുകൾ; ഹമാസ് തടവറയിലെ നരകയാതനകൾ പുസ്തകമാക്കി എലി ഷറാബി

ഇരുട്ടറയിലെ 491 നാളുകൾ; ഹമാസ് തടവറയിലെ നരകയാതനകൾ പുസ്തകമാക്കി എലി ഷറാബി

ടെൽ അവീവ്: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി 491 ദിവസം ഭൂമിക്കടിയിലെ ഇരുട്ടറയിൽ പാർപ്പിച്ച ഇസ്രയേലി പൗരൻ എലി ഷറാബി തന്റെ ദുരനുഭവങ്ങൾ പുസ്തകമാക്കി. 'ഹോസ്റ്റേജ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെയാണ് 53 കാരനായ ഷറാബി തടവറയിലെ കൊടും പീഡനങ്ങളെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തിയത്. 2023 ഒക്ടോബർ ഏഴിന് കിബുട്സ് ബേരിയിൽ നിന്നാണ് ഷറാബിയെയും കുടുംബത്തെയും ഭീകരർ ആക്രമിച്ചത്.

ഭാര്യയുടെയും 13-ഉം 16-ഉം വയസുള്ള രണ്ട് പെൺമക്കളുടെയും മുന്നിൽ വെച്ചാണ് ഷറാബിയെ ഭീകരർ തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ ഭീകരർ വീട്ടിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ മക്കൾക്ക് കവചമായി നിന്ന മാതാപിതാക്കളെ അവർ ക്രൂരമായി മർദിച്ചു.

താൻ തിരിഞ്ഞു വരുമെന്ന് മക്കൾക്ക് വാക്ക് നൽകിയാണ് ഷറാബി ഭീകരർക്കൊപ്പം പോയത്. എന്നാൽ മാസങ്ങൾക്ക് ശേഷം മോചിതനായി അതിർത്തിയിലെത്തിയപ്പോഴാണ് തന്റെ ഭാര്യയും മക്കളും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ തന്നെ കൊല്ലപ്പെട്ടുവെന്ന കടുത്ത യാഥാർത്ഥ്യം അദേഹം തിരിച്ചറിഞ്ഞത്.

തടവിലായിരുന്ന 491 ദിവസങ്ങളിൽ ഭൂരിഭാഗവും സൂര്യപ്രകാശം കടക്കാത്ത തുരങ്കങ്ങളിലായിരുന്നു ഷറാബിയുടെ ജീവിതം. 485 ദിവസത്തോളം ഇരുമ്പ് ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. മൂന്ന് മാസത്തോളം എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം ക്രൂരമായി മർദിക്കപ്പെട്ടു.

ലഘുഭക്ഷണമായ പാസ്തയോ മറ്റോ വല്ലപ്പോഴും മാത്രമാണ് നൽകിയിരുന്നത്. പല ദിവസങ്ങളിലും കുടിക്കാൻ വെള്ളം പോലും ലഭിച്ചില്ല. മോചിതനാകുമ്പോൾ ഷറാബിയുടെ ഭാരം വെറും 44 കിലോഗ്രാം മാത്രമായിരുന്നു. ഭീകരതയ്ക്കും പട്ടിണിക്കും ഇടയിലും തന്റെ മനോബലം നഷ്ടപ്പെടാതിരിക്കാൻ ഷറാബി ശ്രമിച്ചു.

കാലുകൾ ബന്ധിച്ചിരുന്നെങ്കിലും ചങ്ങലയുടെ നീളം വരെ നടന്ന് ആരോഗ്യം നിലനിർത്താൻ ശ്രമിച്ചു. "ഭാര്യയ്ക്കും മക്കൾക്കും നൽകിയ വാക്കാണ് എന്നെ ജീവനോടെയിരിക്കാൻ പ്രേരിപ്പിച്ചത്. തടവറയിലും ഒരു മനുഷ്യനായി തുടരാനായിരുന്നു എന്റെ തീരുമാനം," ഷറാബി പുസ്തകത്തിൽ കുറിക്കുന്നു.

ഹമാസിന്റെ നിയന്ത്രണത്തിൽ ഗാസ തുടരുന്നിടത്തോളം കാലം ഇസ്രയേലിനെ തകർക്കാനുള്ള നീക്കങ്ങൾ അവർ തുടരുമെന്നും കൊടും ക്രൂരതകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നും ഷറാബി മുന്നറിയിപ്പ് നൽകുന്നു. തന്റെ സഹോദരൻ യോസിയും ഭീകരരുടെ പിടിയിലായിരുന്നെങ്കിലും ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. സ്വന്തം കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ടെങ്കിലും ലോകത്തിന് മുന്നിൽ ഹമാസിന്റെ ക്രൂരമുഖം വെളിപ്പെടുത്താനാണ് ഷറാബി ഇപ്പോൾ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.