പെർത്തിൽ ബോട്ട് ഹാർബറിൽ വൻ തീപിടുത്തം; നാല് ബോട്ടുകൾ കത്തിയമർന്നു; നാല് മാസത്തിനിടെ രണ്ടാം അപകടം

പെർത്തിൽ ബോട്ട് ഹാർബറിൽ വൻ തീപിടുത്തം; നാല് ബോട്ടുകൾ കത്തിയമർന്നു; നാല് മാസത്തിനിടെ രണ്ടാം അപകടം

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിലുള്ള ഹിലാരിസ് ബോട്ട് ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ നാല് ബോട്ടുകൾ പൂർണമായും കത്തിയമർന്നു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഒരു ബോട്ടിൽ നിന്ന് ആരംഭിച്ച തീ നിമിഷനേരം കൊണ്ട് സമീപത്തെ മറ്റ് മൂന്ന് ബോട്ടുകളിലേക്ക് പടർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചു.

ഒരു ബോട്ടിൽ നിന്ന് ഉയർന്ന തീ മറ്റ് ബോട്ടുകളിലെ ഇന്ധനടാങ്കുകളിലേക്ക് പടർന്നതോടെയാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. പത്ത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണാതീതമായി മാറിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അഗ്നിരക്ഷാ സേനയുടെ പത്തോളം യൂണിറ്റുകൾ സ്ഥലത്തെത്തി പുലർച്ചെ രണ്ട് മണിയോടെയാണ് തീ പൂർണമായും അണച്ചത്. തീപിടുത്തത്തെ തുടർന്നുണ്ടായ വിഷപ്പുക പ്രദേശത്താകെ പടർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇതിനെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

തീപിടുത്തത്തിന് പിന്നാലെ നാല് ബോട്ടുകളും കടലിൽ മുങ്ങിപ്പോയത് അപകട കാരണം കണ്ടെത്തുന്നതിന് തിരിച്ചടിയായിട്ടുണ്ട്. മുങ്ങിയ ബോട്ടുകൾ ഉയർത്തിയെടുത്ത ശേഷം മാത്രമേ ശാസ്ത്രീയ പരിശോധനകൾ നടത്താൻ കഴിയൂ എന്ന് ഡൺക്രെയ്ഗ് ഫയർ സ്റ്റേഷൻ ഓഫീസർ സ്കോട്ട് ബുള്ളോക്ക് അറിയിച്ചു. ബോട്ടുകളിൽ നിന്ന് വൻതോതിൽ ഇന്ധനം കടലിൽ കലരുന്നത് തടയാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടിന്റെ മലിനീകരണ നിയന്ത്രണ വിഭാഗം നടപടികൾ ആരംഭിച്ചു.

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹിലാരിസ് മറീനയിൽ ബോട്ട് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും ഇവിടെ ഒരു ലക്ഷ്വറി ബോട്ട് കത്തിയമർന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ ബോട്ട് ഉടമകൾ ആശങ്ക പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.