ഒരു പേപ്പറിന് മൂന്ന് ലക്ഷം രൂപ വരെ: ഷൂസിലും ചെവിക്കുള്ളിലും ബ്ലൂടൂത്ത്, ഗൂഗിളില്‍ നിന്ന് ഉത്തരങ്ങള്‍; ഗേറ്റ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

ഒരു പേപ്പറിന് മൂന്ന് ലക്ഷം രൂപ വരെ: ഷൂസിലും ചെവിക്കുള്ളിലും ബ്ലൂടൂത്ത്, ഗൂഗിളില്‍ നിന്ന് ഉത്തരങ്ങള്‍; ഗേറ്റ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

റായ്പൂര്‍: ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ്  ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്) പരീക്ഷയില്‍ ഹൈടെക് കോപ്പിയടി. സംഭവത്തില്‍ ഹരിയാനയില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റിലായി.

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ ഡിഡി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സരോണയിലെ അയോണ്‍ ഡിജിറ്റല്‍ സോണിലെ പരീക്ഷ കേന്ദ്രത്തിലാണ് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടി നടന്നത്.

പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സംശയാസ്പദമായി കറങ്ങി നടന്ന മൂന്ന് പേരെ പൊലീസ് സംഘം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരീക്ഷ എഴുതുന്ന ഹരിയാനയില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികളെ സഹായിക്കാന്‍ മൂവരും ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ആശയ വിനിമയം നടത്താന്‍ പ്രതികളായ വിദ്യാര്‍ഥികള്‍ ഷൂസിലും ചെവിക്കുള്ളിലും ഒളിപ്പിച്ച് മൈക്രോ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചു.

ചോദ്യം ചെയ്യലില്‍, പ്രതികള്‍ സെന്ററിനുള്ളില്‍ പരീക്ഷ എഴുതുന്ന തങ്ങളുടെ കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തി. പരീക്ഷ അധികൃതരുമായി ബന്ധപ്പെട്ട ശേഷം സംശയിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തു.

പരീക്ഷ ഹാളിനുള്ളില്‍ നിന്ന് ബ്ലൂടൂത്ത് ഉപകരണം വഴി ചോദ്യങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും പുറത്ത് നിന്നവര്‍ ഗൂഗിളില്‍ ഉത്തരങ്ങള്‍ തിരഞ്ഞ് പറഞ്ഞു കൊടുക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

പരീക്ഷ എഴുതുന്നവരില്‍ നിന്ന് ഒരു പേപ്പറിന് മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലമായി വാങ്ങിയാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കി പദ്ധതി നടപ്പാക്കിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.

ദര്‍ശന്‍ സെഹ്റാവാഗ് (26), നരേന്ദ്ര കുമാര്‍ ചന്ദ്ര (29), ബണ്ടി കുമാര്‍ (38) എന്നിവരും പരീക്ഷ എഴുതിയ സുമിത് സെഹ്റാവാഗ് (30), ലക്ഷ്മി നാരായണ വര്‍മ (36), അമര്‍ ചന്ദ്ര (32) എന്നിവരുമാണ് അറസ്റ്റിലായത്.

ബ്ലൂടൂത്ത് ഉപകരണങ്ങള്‍ കൂടാതെ എട്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇവര്‍ക്കെതിരെ സെക്ഷന്‍ 318(2), 61(2) ബി.എന്‍.എസ്, ഐ.ടി ആക്ടിലെ സെക്ഷന്‍ 66, പൊതു പരീക്ഷകളിലെ അന്യായ മാര്‍ഗങ്ങള്‍ തടയല്‍ ആക്ടിലെ സെക്ഷന്‍ 10(1) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.