വാക്കുകള്‍ തലതിരിച്ച് പറഞ്ഞ് ചരിത്രം കുറിച്ച സ്ത്രീ

വാക്കുകള്‍ തലതിരിച്ച് പറഞ്ഞ് ചരിത്രം കുറിച്ച സ്ത്രീ

വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ച് പറഞ്ഞ് അധ്യാപകരുടേയും മാതാപിതാക്കളുടേയും ഒക്കെ കൈയില്‍ നിന്ന് അടിമേടിച്ചവര്‍ കാണും നമുക്കിടയില്‍. എന്നാല്‍ അങ്ങനെ വാക്കുകള്‍ തലതിരിച്ച് പറഞ്ഞ് ചരിത്രം കുറിക്കാന്‍ സാധിക്കുമോ... ഇങ്ങനെ കേള്‍ക്കുമ്പോള്‍ തന്നെ പലരും സംശയിച്ച് നെറ്റി ചുളിക്കാനാണ് സാധ്യത.

എന്നാല്‍ സംഗതി സത്യമാണ്. വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ച് പറഞ്ഞ് അടുത്തിടെ ഒരു സ്ത്രീ ചരിത്രം കുറിച്ചിരുന്നു. പാം ഉന്നന്‍ എന്നാണ് ഇവരുടെ പേര്. വാക്കുകളുടെ കൃത്യമായ സ്‌പെല്ലിംഗ് നേരെ തലതിരിച്ച് പറയും പാം. അതായത് RECORD എന്ന വാക്ക് DROCER എന്ന് പറയും. ഇങ്ങനെയാണ് പാം ചരിത്രം കുറിച്ചതും.

കേവലം ഒന്നോ രണ്ടോ വാക്കുകളുടെ സ്‌പെല്ലിംഗ് അല്ല പാം ഉന്നന്‍ ഇത്തരത്തില്‍ തലതിരിച്ച് പറഞ്ഞത്. 56 ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് പാം ഉന്നന്‍ കൃത്യമായി തലതിരിച്ചു പറഞ്ഞു. അതും ഒരു മിനിറ്റില്‍. അങ്ങനെ ഗിന്നസ് പട്ടികയില്‍ ഇടംനേടി ലോക ചരിത്രവും ഇവര്‍ കുറിച്ചു.


വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഒരു പുതിയ വാക്ക് കേള്‍ക്കുമ്പോള്‍ അതിന്റെ സ്‌പെല്ലിംഗ് നേരേയും തലതിരിച്ചും പാം പഠിച്ചു. വെറുമൊരു കൗതുകത്തിനു വേണ്ടി മാത്രം. എന്നാല്‍ മറ്റാരും ഇങ്ങനെ ചെയ്തിരുന്നതായി കേട്ടിരുന്നില്ല പാം. അതുകൊണ്ടുതന്നെ അവര്‍ ഇക്കാര്യം മറ്റാരേയും അറിയിക്കുകയും ചെയ്തില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോഴാണ് ഇത്തരത്തില്‍ വാക്കുകളുടെ സ്‌പെല്ലിംഗ് കൃത്യമായി തലതിരിച്ച് പറയുന്ന കാര്യത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഒരു വിഭാഗം തന്നെയുണ്ടെന്ന് പാം തിരിച്ചറിഞ്ഞത്. അതറിഞ്ഞപ്പോള്‍ മുതല്‍ വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ചു പറയുന്നതില്‍ പാം കൂടുതല്‍ ശ്രദ്ധ ചെലുത്തി.

അമേരിക്കയിലെ മിന്നസോറ്റ സ്വദേശിയാണ് പാം. സ്വന്തം പട്ടണമായ ഹോസ്റ്റിങ്‌സിന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പട്ടികയില്‍ കുറിക്കപ്പെടണം എന്ന് ആഗ്രഹിച്ചുകൊണ്ടാണ് പാം ഉന്നന്‍ വാക്കുകള്‍ തലതിരിച്ച് പറയുന്നതില്‍ ചരിത്രത്തില്‍ ഇടം നേടാന്‍ ഒരുങ്ങിയിറങ്ങിയത്. ഒരു മിനിറ്റുകൊണ്ട് 17 വാക്കുകളുടെ സ്‌പെല്ലിംഗ് കൃത്യമായി തലതിരിച്ച് പറഞ്ഞ് നേരത്തെ മറ്റൊരാള്‍ സൃഷ്ടിച്ച റെക്കോര്‍ഡ് അങ്ങനെ പാം സ്വന്തം പേരിലാക്കി. പാമിന്റെ ഈ ചരിത്രനേട്ടം ആരേയും അതിശയിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.