റോം: “എല്ലാ ദിവസവും ഞാൻ രണ്ടു തവണ പ്രാർത്ഥിക്കും. ഒന്ന് ദൈവത്തോടും മറ്റൊന്ന് എനിക്ക് അവയവം നൽകിയ ആൾക്ക് വേണ്ടിയും. അദേഹം എന്റെ കാവൽ മാലാഖയാണ്,” – വിറയ്ക്കുന്ന ശബ്ദത്തോടെയെങ്കിലും ഉറച്ച ബോധ്യത്തോടെ സാമുവൽ ഗാലിംബെർട്ടി എന്ന പതിനേഴുകാരൻ ഈ വാക്കുകൾ പറഞ്ഞപ്പോൾ റോമിലെ ബാംബിനോ ജസു ആശുപത്രിയിലെ കോൺഫ്രൻസ് ഹാൾ ഒരുനിമിഷം നിശബ്ദമായി.
വൃക്ക രോഗം മൂലം തന്റെ കൗമാരകാലം മുഴുവൻ ആശുപത്രി ചുവരുകൾക്കുള്ളിൽ ചിലവഴിക്കേണ്ടി വന്ന സാമുവൽ ഒരുകാലത്ത് ജീവിതത്തിൽ പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ ഒരു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ആ ജീവിതം ആകെ മാറിമറിഞ്ഞു. ആരോഗ്യം വീണ്ടെടുത്ത സാമുവൽ ഇന്ന് കായിക രംഗത്തെ തിളങ്ങുന്ന താരമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ജർമ്മനിയിൽ നടന്ന വേൾഡ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ 5,000 മീറ്റർ ഓട്ടത്തിൽ വിജയിയായിക്കൊണ്ട് താൻ സ്വീകരിച്ച ജീവന് സാമുവൽ അർത്ഥം നൽകി.
‘നൽകലിന്റെ സംസ്‌കാരം’ എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ അവയവ ദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. അവയവ ദാനം എന്നത് കേവലമൊരു ശസ്ത്രക്രിയയല്ല മറിച്ച് മരണത്തെ അതിജീവിക്കുന്ന സ്നേഹത്തിന്റെ പ്രവൃത്തിയാണെന്ന് കർദിനാൾ വിശേഷിപ്പിച്ചു.
സ്വന്തം കുഞ്ഞുങ്ങളുടെ വിയോഗവേളയിൽ പോലും മറ്റൊരാൾക്ക് ജീവൻ നൽകാൻ തയ്യാറാകുന്ന മാതാപിതാക്കളുടെ മനസ് സ്തുത്യർഹമാണെന്ന് അദേഹം പറഞ്ഞു. ദുർബലരായവരെ എങ്ങനെ പരിചരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു സംസ്കാരത്തിന്റെ മൂല്യം അളക്കപ്പെടുന്നതെന്നും ദാനം ചെയ്യപ്പെട്ട ശരീരത്തിൽ മരണത്തിന് കീഴടങ്ങാത്ത സ്നേഹം തുടിക്കുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
വാർത്തകളിലും മാധ്യമങ്ങളിലും നിറയുന്നതിനേക്കാൾ വലിയൊരു നിശബ്ദ വിപ്ലവമാണ് അവയവദാനത്തിലൂടെ നടക്കുന്നതെന്നും ഓരോ അവയവ ദാതാവും ഭൂമിയിലെ കാവൽ മാലാഖമാരാണെന്നുമുള്ള സന്ദേശത്തോടെയാണ് കോൺഫ്രൻസ് സമാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.