യുവമനസുകളെ ആവേശത്തിലാക്കാൻ ലിയോ പാപ്പ അസീസിയിലേക്ക്; ഫ്രാൻസിസ്കൻ യുവജന സംഗമത്തിൽ പങ്കെടുക്കും

യുവമനസുകളെ ആവേശത്തിലാക്കാൻ ലിയോ പാപ്പ അസീസിയിലേക്ക്; ഫ്രാൻസിസ്കൻ യുവജന സംഗമത്തിൽ പങ്കെടുക്കും

വത്തിക്കാൻ സിറ്റി: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി ലിയോ പതിനാലാമൻ മാർപാപ്പ അസീസിയിലെത്തുന്നു. ഓഗസ്റ്റിൽ നടക്കുന്ന യൂറോപ്യൻ യുവജന സംഗമത്തിൽ പാപ്പ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.

ഓഗസ്റ്റ് മൂന്ന് മുതൽ ആറു വരെയാണ് ഇറ്റലിയിലെ അസീസിയിൽ ഈ സംഗമം നടക്കുന്നത്. പരിപാടിയുടെ സമാപന ദിവസമായ ഓഗസ്റ്റ് ആറിന് രാവിലെ മാർപാപ്പ യുവാക്കളുമായി നേരിട്ട് സംവദിക്കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുവാക്കളാണ് ഈ ആത്മീയ സംഗമത്തിനായി അസീസിയിൽ ഒത്തുചേരുന്നത്.

അസീസിയിലെ പ്രശസ്തമായ സാന്താ മരിയ ഡെഗ്ലി ഏഞ്ചലി ബസിലിക്കയിൽ മാർപാപ്പ ആഘോഷമായ ദിവ്യബലി അർപ്പിക്കും. യുവജനങ്ങൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമായി മാർപാപ്പ പ്രത്യേക സമയം നീക്കിവെച്ചിട്ടുണ്ട്. 18 നും 33 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.

'നമ്മുടെ പ്രത്യാശ യേശുവാണ്' എന്ന ആഴമേറിയ സന്ദേശത്തിലാണ് ഈ വർഷത്തെ സംഗമം ഊന്നിനിൽക്കുന്നത്. ആധുനിക ലോകത്ത് ക്രൈസ്തവ യുവത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സഭയുടെ ദൗത്യത്തെക്കുറിച്ചും യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ കൂടിച്ചേരലിന്റെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.