അതിര്‍ത്തിയില്‍ വ്യോമാഭ്യാസത്തിനൊരുങ്ങി ഇന്ത്യ; ഭയന്ന് പാകിസ്ഥാന്‍: യുദ്ധം വേണ്ട, സമാധാനം മതിയെന്ന് ആസിഫ് അലി സര്‍ദാരി

അതിര്‍ത്തിയില്‍ വ്യോമാഭ്യാസത്തിനൊരുങ്ങി ഇന്ത്യ; ഭയന്ന് പാകിസ്ഥാന്‍: യുദ്ധം വേണ്ട, സമാധാനം മതിയെന്ന് ആസിഫ് അലി സര്‍ദാരി

ഇസ്ലമാബാദ്: അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ വ്യോമസേന നടത്താനൊരുങ്ങുന്ന സൈനിക അഭ്യാസത്തില്‍ പാകിസ്ഥാന് ഭയം. മാര്‍ച്ച് അഞ്ച് മുതല്‍ 12 വരെ രാജസ്ഥാന്‍-സിന്ധ് അതിര്‍ത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് വ്യോമാഭ്യാസം. ഇതിന്റെ ഭാഗമായി ഇന്ത്യ നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഇതോടെ ഇന്ത്യ മറ്റൊരു സംഘര്‍ഷത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി കുറ്റപ്പെടുത്തി. യുദ്ധത്തില്‍ നിന്നെല്ലാം പിന്മാറി ചര്‍ച്ചയിലേക്ക് മടങ്ങാമെന്ന് അദേഹം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സര്‍ദാരിയുടെ അഭ്യര്‍ത്ഥന.

യുദ്ധം ചെയ്യുക എന്നതില്‍ നിന്നും പിന്മാറി സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് മേഖലയിലെ സുരക്ഷയ്ക്ക് ഏക മാര്‍ഗമെന്ന് സര്‍ദാരി ചൂണ്ടികാട്ടി. പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ ഭീകരവാദ പ്രതിസന്ധികളെക്കുറിച്ചും അദേഹം കടുത്ത ആശങ്ക പങ്കുവച്ചു.

അഫ്ഗാനില്‍ ഭീകര സംഘടനകള്‍ ശക്തമാകുന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സര്‍ദാരി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അഫ്ഗാനിലെ സാഹചര്യം ഗൗരവമായി എടുത്തില്ലെങ്കില്‍ ഏതൊരു രാജ്യവും വലിയൊരു ഭീകരാക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നും അദേഹം ഓര്‍മിപ്പിച്ചു.

നിലവില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം അറബിക്കടലിലും പാകിസ്ഥാന്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ വലിയ സമ്മര്‍ദ്ദത്തിലാണ് പാകിസ്ഥാന്‍ സൈന്യം. ഇതിനിടെയിലാണ് ഇന്ത്യ സൈനികാഭ്യാസവുമായി എത്തുന്നത്.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ സൈനിക അഭ്യാസം നടക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സാധാരണയായി രാജസ്ഥാന്‍, സിന്ധ് മേഖലകളില്‍ ഇരു രാജ്യങ്ങളും സൈനിക അഭ്യാസങ്ങള്‍ നടത്താറുള്ളതാണ്.

എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നോട്ടാം മുന്നറിയിപ്പ് നല്‍കി ഇടയ്ക്കിടെ സൈനികാഭ്യാസം നടത്തുന്നതിനെ തങ്ങള്‍ക്കെതിരായ ഭീഷണി ആയാണ് പാകിസ്ഥാന്‍ കാണുന്നത്. മേഖലയിലെ സങ്കീര്‍ണമായ സുരക്ഷാ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ പുതിയ സൈനിക അഭ്യാസം പാകിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.