ജീവന്റെ തുടിപ്പുകൾക്കായി ഒരു ജനത ഒന്നിച്ചു: പെർത്ത് പാർലമെന്റിന് മുന്നിൽ പ്രാർത്ഥനാനിർഭരമായ റാലി ഫോർ ലൈഫ്

ജീവന്റെ തുടിപ്പുകൾക്കായി ഒരു ജനത ഒന്നിച്ചു: പെർത്ത് പാർലമെന്റിന് മുന്നിൽ പ്രാർത്ഥനാനിർഭരമായ റാലി ഫോർ ലൈഫ്

പെർത്ത്: "നിന്റെ അമ്മയുടെ ഗർഭപാത്രത്തിൽ നിനക്ക് രൂപം നൽകുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു" എന്ന തിരുവചനത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ജീവന്റെ സംരക്ഷണത്തിനായി പെർത്തിൽ വിശ്വാസികൾ അണിനിരന്നു. 'കോ അലിഷൻ ഫോർ ലൈഫ്' സംഘടിപ്പിച്ച 2026 ലെ 'റാലി ഫോർ ലൈഫ്' ഓരോ മനുഷ്യജീവനും അത്ഭുതകരമായ ദൈവിക സൃഷ്ടിയാണെന്ന സത്യം വിളിച്ചോതുന്നതായിരുന്നു.

ബുധനാഴ്ച വൈകുന്നേരം പെർത്തിലെ പാർലമെന്റ് ഹൗസിന് മുന്നിൽ നടന്ന സംഗമത്തിൽ ആയിരക്കണക്കിന് 
പ്രോ-ലൈഫ് പ്രവർത്തകരും വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ വ്യക്തിക്കും ദൈവപ്രദത്തമായ അവകാശമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും റാലി ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയൻ പാർലമെന്റിലെ ആദ്യ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ അംഗമായ മേരിക്ക ഗ്രോനെവാൾഡ് റാലിയെ അഭിസംബോധന ചെയ്തു.

രാഷ്ട്രീയ തീരുമാനങ്ങളിലും നിയമ നിർമ്മാണങ്ങളിലും ക്രൈസ്തവ മൂല്യങ്ങൾ പ്രതിഫലിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അവർ സംസാരിച്ചു. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും തുല്യമായ സംരക്ഷണവും പരിചരണവും നൽകുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ സഭയും സമൂഹവും ഒന്നിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.

2024 ൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നടപ്പിലാക്കിയ ഗർഭച്ഛിദ്ര നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള ശക്തമായ പ്രത്യാശയുടെ സന്ദേശമായിരുന്നു ഈ വർഷത്തെ റാലി. 23 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ നിയമങ്ങൾക്കെതിരെ സമാധാനപരമായ രീതിയിൽ മെഴുകുതിരികൾ ഏന്തിയും പ്രാർത്ഥനകൾ ചൊല്ലിയും വിശ്വാസികൾ പ്രതിഷേധം രേഖപ്പെടുത്തി.

പെർത്ത് സെ‍ന്റ് ജോസഫ് സിറോ മലബാർ ഇടവകയിൽ നിന്നും കത്തോലിക്കാ കോൺഗ്രസ്‌, മാതൃവേദി, ഇവാഞ്ചലൈസഷൻ മിനിസ്ട്രി തുടങ്ങി വിവിധ ഭക്ത സംഘടനകളെ പ്രതിനിധികരിച്ചു നിരവധിപ്പർ റാലിയിൽ പങ്കെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.