കേരള മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നീളുന്നു: സോണിയയുടെ നിലപാട് നിർണായകം; സമവായത്തിനായി ഹൈക്കമാൻഡ്

കേരള മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നീളുന്നു: സോണിയയുടെ നിലപാട് നിർണായകം; സമവായത്തിനായി ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും ഒറ്റപ്പേരിലേക്ക് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സോണിയ ഗാന്ധിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും അന്തിമ പ്രഖ്യാപനം. വരും മണിക്കൂറുകളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തങ്ങളെ അറിയിക്കണമെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമേ ഹൈക്കമാൻഡ് തീരുമാനം പുറത്തുവിടൂ. മുന്നണി മര്യാദകൾ പാലിച്ചുകൊണ്ടുള്ള നീക്കത്തിനാണ് എഐസിസി മുൻഗണന നൽകുന്നത്.

നേതാക്കളുടെ സീനിയോരിറ്റി, പ്രവർത്തന മികവ്, എംഎൽഎമാരുടെ പിന്തുണ എന്നിവ മെറിറ്റ് അടിസ്ഥാനത്തിൽ പരിശോധിക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഇന്നലത്തെ മാരത്തൺ ചർച്ചകളിൽ പങ്കെടുക്കാതിരുന്ന സോണിയ ഗാന്ധിയുടെ അഭിപ്രായത്തിന് ഈ ഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും ശിരസാ വഹിക്കുമെന്ന് കേരളത്തിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

അസേതമയം മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പ്രവർത്തകർക്കിടയിൽ വിഭാഗീയതയുണ്ടാക്കുന്നത് തടയാൻ ഹൈക്കമാൻഡ് കർശന നിർദേശം നൽകി. നേതാക്കൾക്കായി സോഷ്യൽ മീഡിയയിലോ തെരുവിലോ പരസ്യ പ്രചാരണങ്ങൾ നടത്തുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കും. കെ.സി. വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായാണ് പ്രവർത്തകർക്ക് നിർദേശം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.