ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേർന്നു; ഭീകര ക്യാമ്പുകളിൽ അടിമ ജീവിതം; ഒടുവിൽ നാട്ടിലേക്ക് മടങ്ങിയ മൂന്ന് യുവതികളെ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയ

ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേർന്നു; ഭീകര ക്യാമ്പുകളിൽ അടിമ ജീവിതം; ഒടുവിൽ നാട്ടിലേക്ക് മടങ്ങിയ മൂന്ന് യുവതികളെ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയ

മെൽബൺ: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരസംഘടനയുമായി ബന്ധപ്പെട്ട് സിറിയയിൽ കഴിഞ്ഞിരുന്ന മൂന്ന് ഓസ്‌ട്രേലിയൻ യുവതികളെ നാട്ടിൽ തിരിച്ചെത്തിയ ഉടൻ അധികൃതർ അറസ്റ്റ് ചെയ്തു. ഭർത്താക്കന്മാർക്കൊപ്പം സിറിയയിലേക്ക് കടന്ന ഇവർ ഐ.എസിന്റെ പതനത്തിന് ശേഷം വർഷങ്ങളോളം തടങ്കൽപ്പാളയങ്ങളിൽ കഴിഞ്ഞിരുന്നു.

അടിമത്തം, ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുചേരൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വടക്കു കിഴക്കൻ സിറിയയിലെ ക്യാമ്പുകളിൽ നിന്ന് മടക്കി അയച്ച നാല് സ്ത്രീകളും ഒമ്പത് കുട്ടികളും ഉൾപ്പെട്ട സംഘമാണ് വ്യാഴാഴ്ച ഓസ്‌ട്രേലിയയിൽ എത്തിയത്. ഖത്തർ എയർവേയ്‌സിന്റെ രണ്ട് വിമാനങ്ങളിലായി മെൽബണിലും സിഡ്‌നിയിലുമാണ് ഇവർ ഇറങ്ങിയത്.

മെൽബണിൽ ഇറങ്ങിയ 54 വയസുള്ള സ്ത്രീക്കെതിരെ അടിമകളെ കൈവശം വെക്കുക, അടിമക്കച്ചവടം നടത്തുക തുടങ്ങിയ നാല് കുറ്റങ്ങൾ ചുമത്തി. ഇതേ വിമാനത്തിലുണ്ടായിരുന്ന 31-കാരിക്കെതിരെ അടിമത്തവുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സിഡ്‌നിയിൽ വിമാനമിറങ്ങിയ 32-കാരിക്കെതിരെ നിരോധിത മേഖലയിലേക്ക് യാത്ര ചെയ്തതിനും ഭീകര സംഘടനയിൽ അംഗമായതിനുമാണ് കേസെടുത്തത്.

സ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റീഫൻ നട്ട് വ്യക്തമാക്കി. സിറിയയിലെ ഇവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

2012 നും 2016 നും ഇടയിലാണ് ഈ സ്ത്രീകൾ ഭർത്താക്കന്മാർക്കൊപ്പം സിറിയയിലേക്ക് പോയത്. 2019 ൽ ഐ.എസ് പരാജയപ്പെട്ടതോടെ അൽ-റോജ് ഉൾപ്പെടെയുള്ള ക്യാമ്പുകളിൽ ഇവർ തടവിലാക്കപ്പെട്ടു. 12 വർഷത്തോളം കഠിനമായ സാഹചര്യങ്ങളിലാണ് കഴിഞ്ഞതെന്ന് സ്ത്രീകൾ വെളിപ്പെടുത്തി.

തങ്ങളുടെ മക്കൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായാണ് തങ്ങൾ മടങ്ങിവന്നതെന്ന് ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരിച്ചെത്തിയ കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പുനരധിവാസ പദ്ധതികൾ ഓസ്‌ട്രേലിയൻ സർക്കാർ നടപ്പിലാക്കിവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.