ബാങ്കോക്ക്: നൂറിലധികം യാത്രക്കാരുമായി തായ്ലന്‍ഡിലെ ഫുക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
ഹൈദരാബാദില്‍ നിന്നും തായ്ലന്‍ഡിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരുകയായിരുന്നു.
പൈലറ്റിന്റെ മനസാന്നിധ്യത്തോടെയുള്ള ഇടപെടലാണ് വിമാനദുരന്തം ഒഴിവാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ വൈകുന്നേരം ആറ് വരെ റണ്‍വെ അടച്ചെന്ന് അധികൃതര്‍ അറിയിച്ചു.
ബോയിംഗ് 737 മാക്സ് 8 വിമാനത്തില്‍ 133 യാത്രക്കാര്‍ ഉണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷിതമായി പാസഞ്ചര്‍ വെയിറ്റിങ് ഏരിയയിലേക്ക് മാറ്റി. നോസ് ലാന്‍ഡിങ് ഗിയര്‍ തകര്‍ന്ന് റണ്‍വെയിലൂടെ ഉരഞ്ഞിറങ്ങുകയായിരുന്നു.
'മാര്‍ച്ച് 11 ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തില്‍ വച്ച് നോസ് വീലിന് പ്രശ്നമുണ്ടായതായി സ്ഥിരീകരിക്കുകയാണ്. ജീവനക്കാര്‍ എല്ലാവിധ പ്രോട്ടോകോളുകളും പാലിച്ചു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഞങ്ങളുടെ അതിഥികള്‍ക്കും വിമാനത്താവള അധികൃതര്‍ക്കും എല്ലാ പങ്കാളികള്‍ക്കും സഹകരണത്തിന് നന്ദി പറയുന്നു'- എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു.
എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും എയര്‍പോര്‍ട്ട് അധികൃതരും സ്ഥലത്തേക്ക് ഉടനെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. പുലര്‍ച്ചെ 6.42 നാണ് വിമാനം ഹൈദരാബാദില്‍ നിന്നും പറന്നുയര്‍ന്നത്. 11.40 വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് സംഭവം നടന്നത്. റണ്‍വെയില്‍ കുടുങ്ങിയ വിമാനം മാറ്റാനുള്ള ശ്രമം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.