"മരണം വരെ എന്റെ ജനങ്ങൾക്കൊപ്പം തുടരും"; പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ലെബനനിൽ കൊല്ലപ്പെട്ട ഫാദർ പിയറി എൽ-റാഹിക്ക് കണ്ണീരോടെ വിട നൽകി ആയിരങ്ങൾ


​തെക്കൻ ലെബനൻ: യുദ്ധക്കെടുതികൾക്കിടയിലും സ്വന്തം ജനതയെ ഉപേക്ഷിച്ചുപോകാൻ തയ്യാറാകാതെ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരോണൈറ്റ് വൈദികൻ ഫാദർ പിയറി എൽ-റാഹിക്ക് വിടനൽകി ആയിരങ്ങൾ. തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമമായ ക്ലായയിലെ സെന്റ് ജോർജ് പള്ളിയിൽ മാർച്ച് 11 ബുധനാഴ്ച നടന്ന മൃതസംസ്കാര ശുശ്രൂഷകളിൽ അഭയാർത്ഥികളും പ്രാദേശിക ഭരണകൂട പ്രതിനിധികളും ഉൾപ്പെടെ വൻജനാവലിയാണ് പങ്കെടുത്തത്.

സ്വന്തം പിതാവിനെ നഷ്ടപ്പെട്ട വേദനയോടെയാണ് ആ ഗ്രാമം തങ്ങളുടെ പ്രിയപ്പെട്ട ഇടയന് അന്ത്യാഞ്ജലി അർപ്പിച്ചത്. ​ഇസ്രയേൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഏകദേശം 8,000-ത്തോളം ക്രിസ്ത്യാനികൾ താമസിക്കുന്ന ഗ്രാമമാണ് ക്ലായ. സംഘർഷം രൂക്ഷമായതോടെ നിരവധിപ്പേർ ഇവിടം വിട്ടുപോയിട്ടും തന്റെ ഇടവക ജനങ്ങൾക്കൊപ്പം നിൽക്കാനായിരുന്നു സെന്റ് ജോർജ് പള്ളിയിലെ വികാരിയായ ഫാദർ എൽ-റാഹിയുടെ തീരുമാനം.

"മരണം വരെ ഞാൻ ഇവിടെത്തന്നെ തുടരും" എന്ന് അദേഹം അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
​മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാർച്ച് ഒൻപതിന് തന്റെ ജനങ്ങളോട് പറഞ്ഞ വാക്കുകൾ ഇപ്പോൾ ലോകമെങ്ങുമുള്ള വിശ്വാസികളുടെ കണ്ണുനനയിക്കുകയാണ്.

"നമ്മൾ പീഡാനുഭവത്തിന്റെ പാതയിലൂടെയാണ് നടക്കുന്നത്; മരണമുണ്ട് അതിനു ശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിനൊപ്പം പുനരുത്ഥാനവുമുണ്ട്. എന്റെ വീട്ടിൽ മരിക്കാൻ ഞാൻ തയ്യാറാണ് കാരണം ഇതെന്റെ വീടാണ്." ഈ വാക്കുകൾ പറഞ്ഞ് അധികം വൈകാതെയാണ്
ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുന്നത്.

ക്ലായയിലെ ജനങ്ങൾക്ക് അദേഹം കേവലമൊരു വൈദികൻ മാത്രമായിരുന്നില്ല. തെരുവുകളിലെ രോഗികളെ സന്ദർശിക്കാനും ജനന-മരണ ചടങ്ങുകളിൽ കുടുംബാംഗത്തെപ്പോലെ കൂടെനിൽക്കാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഇടവകയിലെ ഓരോ കുട്ടിയേയും പേരെടുത്ത് വിളിക്കാൻ തക്കവണ്ണം ആഴത്തിലുള്ള ബന്ധമാണ് ജനങ്ങളുമായി കാത്തുസൂക്ഷിച്ചിരുന്നത്.
​1975 ൽ വടക്കൻ ലെബനനിലെ ദിബെ ഗ്രാമത്തിൽ ജനിച്ച ഫാദർ എൽ-റാഹി 2000 കളുടെ തുടക്കത്തിലാണ് മാരോണൈറ്റ് പുരോഹിതനായി അഭിഷിക്തനാകുന്നത്.
തുടർന്ന് വർഷങ്ങളോളം ക്ലായയിലെ സെന്റ് ജോർജ് ഇടവകയിൽ തന്റെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.