താൽക്കാലിക വിസക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ഓസ്‌ട്രേലിയ; കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നു

താൽക്കാലിക വിസക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ഓസ്‌ട്രേലിയ; കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നു

കാൻബറ: കുടിയേറ്റ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാൻ ചില താത്ക്കാലിക വിസക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. വ്യാജ അഭയാർത്ഥി അപേക്ഷകൾ നൽകി ദീർഘകാലം രാജ്യത്ത് തുടരുന്നത് തടയുന്നതിനും ഇതുമൂലമുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതി പരിഗണിക്കുന്നത്.

രാജ്യത്തിന്റെ കുടിയേറ്റ സംവിധാനത്തെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത്തരം കടുത്ത നടപടികൾ അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. വിസ നൽകുന്നതിലും യാത്ര തടയുന്നതിലും മന്ത്രാലയത്തിന് പുതിയ നിയമം കൂടുതൽ കരുത്ത് നൽകും.

എന്നാൽ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ പുതിയ നിയന്ത്രണം ബാധകമാവുക എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
അഭയാർത്ഥി വിഷയത്തിൽ സർക്കാരിന്റേത് വിവേചനപരമായ നിലപാടാണെന്ന് ഗ്രീൻസ് പാർട്ടി ആരോപിച്ചു.

ഇറാനിലെ വനിതാ ഫുട്‌ബോൾ ടീമിലെ ഏഴ് പേർക്ക് മാത്രം അഭയം നൽകി ആയിരക്കണക്കിന് മറ്റ് അഭയാർത്ഥികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗ്രീൻസ് നേതാവ് ലാറിസ വാട്ടേഴ്‌സ് പറഞ്ഞു.

ഓസ്‌ട്രേലിയ അഭയം നൽകിയ ഇറാനിയൻ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങളിൽ ഒരാൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഫുട്‌ബോൾ മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരമാണ് ഇപ്പോൾ ഇറാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.