സാന്റിയാഗോ: കത്തോലിക്കാ വിശ്വാസിയും പ്രോ-ലൈഫ് വക്താവുമായ ഹോസെ അന്റോണിയോ കാസ്റ്റ് ചിലിയുടെ പ്രസിഡന്റായി മാർച്ച് 11 ന് ഔദ്യോഗികമായി ചുമതലയേറ്റു. രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായാണ് വലതുപക്ഷ നേതാവായ കാസ്റ്റ് ഭരണമേൽക്കുന്നത്. 2025 ഡിസംബറിൽ നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 58.16 ശതമാനം വോട്ടുകൾ നേടിയാണ് അന്റോണിയോ ജയിച്ചു കയറിയത്.
തന്റെ രാഷ്ട്രീയ ജീവിതവും ജനനവും ദൈവത്തിന്റെ വലിയൊരു പദ്ധതിയമാണെന്നാണ് കാസ്റ്റ് വിശ്വസിക്കുന്നത്. രണ്ടാമത്തെ പ്രസവത്തിന് ശേഷം അമ്മ ഇനി ഗർഭം ധരിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായിരുന്നു. എന്നാൽ 'ദൈവത്തിന് അത് ഇഷ്ടമല്ല' എന്ന പിതാവിന്റെ ഉറച്ച വിശ്വാസമാണ് താനുൾപ്പെടെയുള്ള എട്ട് സഹോദരങ്ങളുടെ ജനനത്തിന് കാരണമായതെന്ന് കാസ്റ്റ് നന്ദിയോടെ സ്മരിക്കുന്നു. 1966 ൽ ജർമ്മൻ കുടിയേറ്റ ദമ്പതികളുടെ പത്ത് മക്കളിൽ ഇളയവനായാണ് അദേഹം ജനിച്ചത്.
തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ പിന്നിലായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവാണ് കാസ്റ്റ് നടത്തിയത്. എതിരാളിയായ ജീനെറ്റ് ജാരയെ പരാജയപ്പെടുത്തിക്കൊണ്ട് 1990 ന് ശേഷം ചിലിയിലെ വലതുപക്ഷത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണ് കാസ്റ്റ് സ്വന്തമാക്കിയത്. "തിന്മയുടെ ആത്മാവിനെ തോൽപ്പിക്കാൻ പരിശുദ്ധാത്മാവിന്റെ ശക്തിക്ക് സാധിക്കും" എന്ന അദേഹത്തിന്റെ വാക്കുകൾ വിശ്വാസികളായ വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു.
ഒൻപത് മക്കളുടെ പിതാവായ കാസ്റ്റ് കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. തിരക്കുകൾക്കിടയിലും ഭാര്യയോടൊപ്പം ആഴ്ചയിലൊരിക്കൽ സമയം ചിലവഴിക്കുന്ന 'ഡേറ്റിങ് ട്യൂസ്‌ഡേ' എന്ന ശീലം ജീവിതത്തിൽ പിന്തുടരുന്നു. രാജ്യത്തെ കുടുംബ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തന്റെ ഭരണകാലത്തുണ്ടാകുമെന്ന് കാസ്റ്റ് സൂചിപ്പിച്ചു.
ചിലിയിലെ കത്തോലിക്കാ മെത്രാൻ സമിതി കാസ്റ്റിന്റെ വിജയത്തെ അഭിനന്ദിച്ചപ്പോൾ കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാടുകളിൽ സഭയിലെ തന്നെ ചിലർ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ വിഷയത്തിൽ കാസ്റ്റ് പുലർത്തുന്ന കർശന നിലപാട് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നേക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.