ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പാലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍ നിസാര്‍, മുസഫര്‍ അലി ഗുലാം, ഇസ്മായീല്‍ സലിം ഖാന്‍ എന്നിവര്‍ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാള്‍ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അതാത് എംബസികളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇറാന് നേരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി 28 മുതലാണ് മേഖല സംഘര്‍ഷഭരിതമായത്. ഗള്‍ഫ് മേഖലകളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും മറ്റ് ആസ്തികളും ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ.
സംഘര്‍ഷം പത്തൊന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുഎഇക്ക് നേരെ രണ്ടായിരത്തോളം ആക്രമണങ്ങള്‍ ഉണ്ടായെന്ന് അധികൃതര്‍ വ്യക്തമാക്കി. 314 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും 1672 ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചെന്നാണ് കണക്കുകള്‍. സിവിലിയന്‍ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.
യുഎഇയ്ക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സേന ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.