വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് കഴിഞ്ഞ ദിവസം വത്തിക്കാനിൽ ലഭിച്ചത് അപ്രതീക്ഷിതവും ഹൃദ്യവുമായ ഒരു സമ്മാനം. മാർച്ച് 18 ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തിന് ശേഷം തന്റെ പഴയ സ്കൂൾ സഹപാഠികളെ കണ്ടുമുട്ടിയ മാർപാപ്പ വികാരാധീനനായി. ഔദ്യോഗിക തിരക്കുകൾക്കിടയിലും തന്റെ ബാല്യകാല സുഹൃത്തുക്കൾക്കായി സമയം ചെലവഴിക്കാൻ അദേഹം മറന്നില്ല.
ഇല്ലിനോയിലെ റിവർഡെയ്‌ലിലുള്ള സെന്റ് മേരീസ് സ്കൂളിൽ ഒന്നിച്ച് പഠിച്ച പത്തംഗ സംഘമാണ് തങ്ങളുടെ പഴയ സഹപാഠിയെ കാണാൻ റോമിലെത്തിയത്. തങ്ങളോടൊപ്പം കളിച്ചു വളർന്ന റോബർട്ട് പ്രെവോസ്റ്റ് ഇന്ന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായതിന്റെ അഭിമാനവും സന്തോഷവും അവർ പാപ്പയുമായി പങ്കുവെച്ചു.
വെറും കൈയോടെയല്ല ഈ സുഹൃദ് സംഘം വത്തിക്കാനിലെത്തിയത്. 14 വയസ് തികയുന്നതിന് മുൻപുള്ള ബാലനായ റോബർട്ട് പ്രെവോസ്റ്റിന്റെ അപൂർവ്വമായ ഫോട്ടോ അടങ്ങിയ ഒരു പോസ്റ്ററും അവർ കരുതിയിരുന്നു. പഴയ ചിത്രം കണ്ട പാപ്പ ഏറെ കൗതുകത്തോടെ അത് നോക്കി നിൽക്കുകയും സഹപാഠികളോട് കുശലാന്വേഷണം നടത്തുകയും ചെയ്തു.
പഴയ കാലത്തെ കുസൃതികളും ഓർമ്മകളും പങ്കുവെച്ച കൂടിക്കാഴ്ച വത്തിക്കാനിൽ വൈകാരികമായ നിമിഷങ്ങൾക്കാണ് വഴിയൊരുക്കിയത്. ലോകത്തിന്റെ ആത്മീയ നേതൃത്വത്തിലിരിക്കുമ്പോഴും തന്റെ വേരുകളെയും സുഹൃത്തുക്കളെയും ചേർത്തുപിടിക്കുന്ന മാർപാപ്പയുടെ ലാളിത്യം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.