റോം: തിരുക്കുടുംബത്തിന്റെ കാവൽക്കാരനായ വിശുദ്ധ യൗസേപ്പിതാവ് ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന തിരുശേഷിപ്പുകൾ ദർശിക്കാൻ വത്തിക്കാനോട് ചേർന്നുള്ള സെന്റ് അനസ്താസിയ ബസിലിക്കയിലേക്ക് വിശ്വാസികളുടെ വൻ തിരക്ക്. വിശുദ്ധൻ ധരിച്ചിരുന്ന മേലങ്കിയും അരപ്പട്ടയും വണങ്ങാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഒഴുകിയെത്തുന്നത്.
നസ്രേത്തിലെ അതിശൈത്യത്തിൽ നിന്ന് ഉണ്ണീശോയെ പുതപ്പിച്ചു സംരക്ഷിക്കാൻ യൗസേപ്പിതാവ് ഉപയോഗിച്ച തവിട്ടുനിറത്തിലുള്ള മേലങ്കിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ വിശുദ്ധ വസ്ത്രത്തോടുള്ള ആദരസൂചകമായാണ് ലോകമെമ്പാടും 'വിശുദ്ധ യൗസേപ്പിതാവിന്റെ മേലങ്കി പ്രാർത്ഥന' പ്രചാരത്തിലായത്. ഇതിനോടൊപ്പം തന്നെ വിശുദ്ധൻ അരയിൽ ധരിച്ചിരുന്ന തുകൽ കൊണ്ടുള്ള അരപ്പട്ടയും പ്രത്യേക പേടകത്തിൽ വണക്കത്തിനായി ഒരുക്കിയിട്ടുണ്ട്.
വിശുദ്ധ നാട്ടിൽ നിന്നും ഈ അമൂല്യമായ തിരുശേഷിപ്പുകൾ റോമിലെത്തിച്ചത് വിശുദ്ധ ഹെലേനയോ സഭാപിതാവായ സെന്റ് ജെറോമോ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. വർഷത്തിൽ രണ്ടുതവണ മാത്രമാണ് വിശ്വാസികൾക്ക് ഈ തിരുശേഷിപ്പുകൾ നേരിട്ട് കണ്ട് വണങ്ങാൻ അവസരമുള്ളത്. കുടുംബങ്ങളുടെയും തൊഴിലാളികളുടെയും മധ്യസ്ഥനായ വിശുദ്ധന്റെ പ്രത്യേക അനുഗ്രഹം തേടി പതിനായിരക്കണക്കിന് പേരാണ് ഓരോ ദിവസവും ബസിലിക്കയിലെത്തുന്നത്.
യൗസേപ്പിതാവിന്റെ തിരുശേഷിപ്പുകൾക്കൊപ്പം തന്നെ പരിശുദ്ധ കന്യാമറിയം ജറുസലേം യാത്രകളിൽ ധരിച്ചിരുന്ന ശിരോവസ്ത്രത്തിന്റെ ഒരു ഭാഗവും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. തിരുക്കുടുംബം ഈജിപ്തിലേക്കും ജറുസലേമിലേക്കും നടത്തിയ യാത്രകളുടെയും അവർ അനുഭവിച്ച ത്യാഗങ്ങളുടെയും ജീവിക്കുന്ന അടയാളമായി ഈ വസ്ത്രങ്ങൾ ഇന്നും നിലകൊള്ളുന്നു.
ഇറ്റലിയിലെ പാദുവയിലുള്ള വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പുകൾക്ക് നൽകുന്ന അത്രതന്നെ പ്രാധാന്യമാണ് റോമിലെ ഈ വിശുദ്ധ തിരുശേഷിപ്പുകൾക്കും കത്തോലിക്കാ സഭ നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.