കല്ലറയ്ക്കുള്ളിലെന്നപോലെ നമ്മെ പൂട്ടിയിടുന്ന തെറ്റായ ചിന്തകളിലും ശീലങ്ങളിലും നിന്ന് ഹൃദയങ്ങളെ പരിശുദ്ധാത്മശക്തിയാൽ മോചിപ്പിക്കാൻ മാർപാപ്പയുടെ ആഹ്വാനം

കല്ലറയ്ക്കുള്ളിലെന്നപോലെ നമ്മെ പൂട്ടിയിടുന്ന തെറ്റായ ചിന്തകളിലും ശീലങ്ങളിലും നിന്ന് ഹൃദയങ്ങളെ പരിശുദ്ധാത്മശക്തിയാൽ മോചിപ്പിക്കാൻ മാർപാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: ജീവൻ്റെ പൂർണതയിലേക്ക് നാമോരോരുത്തർക്കുമുള്ള ക്ഷണമാണ് സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന ലാസറിനെ ഉയിർപ്പിച്ച സംഭവമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ദൈവകൃപയിൽ ആശ്രയിച്ച് നമ്മുടെ ജീവിതങ്ങളെ നവീകരിക്കാനും അവിടുത്തെ അതിരില്ലാത്ത സ്നേഹത്തിൻ്റെ പ്രകാശത്തിൽ നടക്കാനും അത് നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ജീവിതത്തിലേക്കുള്ള ലാസറിൻ്റെ മടങ്ങിവരവ്, മരണത്തിൻമേലുള്ള ക്രിസ്തുവിൻ്റെ വിജയത്തിൻ്റെയും മാമോദീസയിലൂടെ നമുക്ക് ലഭിക്കുന്ന നിത്യജീവനെന്ന ദാനത്തിൻ്റെയും പ്രതീകമാണെന്നും ലിയോ പാപ്പ പറഞ്ഞു. നോമ്പുകാലത്തെ അഞ്ചാം ഞായറാഴ്ച, മധ്യാഹ്‌ന പ്രാർഥനയ്ക്കായി വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.

ലാസറിന്റെ സഹോദരി മർത്തായോടെന്നപോലെ, യേശു ഇന്ന് നമ്മോടും പറയുന്നു: 'ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.' (യോഹന്നാന്‍ 11 : 25) 'നമ്മുടെ കർത്താവിൻ്റെ പീഡാനുഭവം അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ സുവിശേഷ വായനയാണ് ഇന്ന് നാം ശ്രവിച്ചത്. കർത്താവിൻ്റെ ജെറുസലേം പ്രവേശനവും അന്ത്യ അത്താഴവും അവിടുന്ന് മരണത്തിന് വിധിക്കപ്പെട്ടതും അവിടുത്തെ കുരിശു മരണവും സംസ്കാരവും വരുംദിവസങ്ങളിൽ നാം അനുസ്മരിക്കുന്നു' - പാപ്പാ പറഞ്ഞു.

വിശുദ്ധ വാരത്തിനായി ഒരുങ്ങാം

ഇവയുടെയെല്ലാം അർത്ഥവും പ്രാധാന്യവും മനസ്സിലാക്കി വിശുദ്ധവാരത്തിനായി ഒരുങ്ങുകയും അതിലൂടെ സംലഭ്യമാകുന്ന കൃപ നമുക്ക് തുറവിയോടെ സ്വീകരിക്കുകയും ചെയ്യാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ഈ സംഭവങ്ങളെല്ലാം പൂർത്തീകരിക്കപ്പെടുന്നത് ഉത്ഥാനം ചെയ്ത ക്രിസ്തുവിലാണ്. തൻ്റെ ഉത്ഥാനത്തിലൂടെ അവിടുന്ന് മരണത്തെ പരാജയപ്പെടുത്തി. മാമോദീസയിലൂടെ അവിടുന്ന് നമ്മുടെ ഉള്ളിൽ ജീവിച്ചുകൊണ്ട് നമുക്ക് രക്ഷയും ജീവൻ്റെ പൂർണതയും പ്രദാനം ചെയ്യുന്നു.

ദൈവകൃപ ലോകത്തെ പ്രകാശിപ്പിക്കുന്നു

ദൈവകൃപ ഒന്നുമാത്രമാണ് ലോകത്തെ പ്രകാശിപ്പിക്കുന്നതെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. നിലനിൽക്കുന്ന സന്തോഷം തരാൻ സാധിക്കാത്തവയ്ക്കു പിന്നാലെ പോകുന്നതുകൊണ്ടാണ് നമുക്ക് പലപ്പോഴും വഴിതെറ്റുന്നത്. പ്രശസ്തിയും ഭൗതിക വസ്തുക്കളും വിനോദങ്ങളും പുതിയ പുതിയ ബന്ധങ്ങളുമാണ് നമ്മുടെ ഹൃദയത്തിന് സംതൃപ്തി നൽകുന്നതെന്നും നമ്മെ അനശ്വരരാക്കുന്നതെന്നുമാണ് നാം വിചാരിക്കുന്നത്.

നിരന്തരം പുതുമ തേടുകയും അതിനുവേണ്ടി സമയവും ഊർജ്ജവും വിലപിടിപ്പുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവർക്ക് കൊടുക്കാൻ നമുക്ക് ഒന്നും ശേഷിക്കാതെ വരുന്നു. ഒരിക്കലും അവസാനിക്കാത്തതിനുവേണ്ടിയുള്ള ഒരു ദാഹം നമ്മുടെയെല്ലാം ഉള്ളിലുണ്ട്. കടന്നുപോകുന്ന ഒന്നിനും അതിനെ തൃപ്തിപ്പെടുത്താൻ സാധിക്കുകയില്ല. അക്കാരണത്താലാണ് വിശുദ്ധ അഗസ്റ്റിൻ ഇപ്രകാരം പറഞ്ഞത്: 'നാം ദൈവത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു; അവിടുന്നിൽ വിലയം പ്രാപിക്കുന്നതുവരെ നാം അസ്വസ്ഥരാണ്.'

കല്ലുകൾ ഉരുട്ടിമാറ്റാം

കല്ലറയ്ക്കുള്ളിലെന്നപോലെ നമ്മെ പൂട്ടിയിടുന്ന സ്വാർത്ഥതയുടെയും ഭൗതികതയുടെയും അക്രമത്തിന്റെയും ഉപരിപ്ലവ ചിന്തകളുടെയും കല്ലുകളെ നമുക്ക് ഉരുട്ടിമാറ്റാം. നമ്മുടെ ഹൃദയങ്ങളെ തെറ്റായ ശീലങ്ങളിലും ചിന്താരീതികളിലും നിന്ന് പരിശുദ്ധാത്മാവിന്റെ സഹായത്താലും ശക്തിയാലും മോചിപ്പിക്കാം. ലാസറിനെ ഉയിർപ്പിച്ച സുവിശേഷസംഭവം ഇക്കാര്യത്തിൽ നമുക്ക് ഒരു പ്രചോദനമാകട്ടെയെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

യേശു നമ്മോടും ഉച്ചത്തിൽ പറയുന്നു: "പുറത്തുവരുക." ഇടുങ്ങിയ ഇടങ്ങളിൽ നിന്ന് പുറത്തുവന്ന്, തൻ്റെ കൃപയാൽ പുതുജീവന്‍ പ്രാപിച്ച്, സ്നേഹത്തിൻ്റെ പ്രകാശത്തിൽ സഞ്ചരിച്ച്, യേശുവിനെ അനുകരിച്ച് എല്ലാ അളവുകൾക്കും കണക്കുകൂട്ടലുകൾക്കുമപ്പുറം പ്രത്യാശിക്കുന്നവരും സ്നേഹിക്കുന്നവരുമായ പുതിയ സ്ത്രീപുരുഷന്മാരാകാനാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്.

'വിശ്വാസത്തോടും ശരണത്തോടും വിശ്വസ്തതയോടുംകൂടെ നമ്മുടെ കർത്താവിൻ്റെ പീഡാനുഭവ ദിവസങ്ങളിൽ അവിടുത്തെ അനുഗമിച്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ സഹായം നമുക്ക് തേടാം. അങ്ങനെ, അവളുടെ പുത്രൻ്റെ ഉത്ഥാനത്തിൻ്റെ മഹത്വം അനുഭവിക്കാൻ ഓരോ ദിവസവും നമുക്ക് സാധിക്കട്ടെ' - ത്രികാലജപ പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് തൻ്റെ സന്ദേശം അവസാനിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

മാർപാപ്പയു‌ടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.