രാജ്യത്ത് ലോക്ഡൗണ്‍ ഇല്ല: പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍; 60 ദിവസത്തേക്കുള്ള എണ്ണ കരുതലുണ്ടെന്ന് കേന്ദ്രം

രാജ്യത്ത് ലോക്ഡൗണ്‍ ഇല്ല: പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍; 60 ദിവസത്തേക്കുള്ള എണ്ണ കരുതലുണ്ടെന്ന് കേന്ദ്രം

ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും ലഭ്യമാണ്. പരിഭ്രാന്തരായി സാധനങ്ങള്‍ വാരിക്കൂട്ടരുതെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ പോകുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

രാജ്യത്ത് ലോക്ഡൗണ്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തികച്ചും തെറ്റാണ്. നാം ശാന്തരും ഉത്തരവാദിത്വമുള്ളവരും ഒറ്റക്കെട്ടായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദേഹം എക്സില്‍ കുറിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള ഊര്‍ജ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് പുരിയുടെ പ്രസ്താവന.

യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ആഹ്വാനം ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി പ്രതിസന്ധികളെ തരണം ചെയ്യണമെന്നാണ് അദേഹം ഉദേശിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇന്ധന ലഭ്യത കുറയുന്നതിനെത്തുടര്‍ന്ന് എനര്‍ജി ലോക്ഡൗണ്‍ ഉണ്ടാകുമെന്ന പ്രചാരണവും ശക്തമായിരുന്നു. എന്നാല്‍ പെട്രോളിയം മന്ത്രിയടക്കമുള്ളവര്‍ ഈ വാദങ്ങളും തള്ളിക്കളഞ്ഞു. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ തടസമില്ലാത്ത ലഭ്യത ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ഇടപെടുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണത്തില്‍ തടസങ്ങള്‍ നേരിട്ടാലും ഇന്ത്യയെ അത് ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

അടുത്ത 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ കരുതല്‍ ശേഖരം നിലവില്‍ ഇന്ത്യയ്ക്കുണ്ട്. ലോകമെമ്പാടുമുള്ള 41 ല്‍ അധികം വിതരണക്കാരില്‍ നിന്ന് ഇന്ത്യ ഇപ്പോള്‍ എണ്ണ വാങ്ങുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ഇറക്കുമതിയിലൂടെ വിതരണത്തിലെ ഏത് പ്രതിസന്ധിയും പരിഹരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും രാജ്യം ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിപണിയില്‍ ലഭ്യമാണെന്നും ക്ഷാമമുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല ജനങ്ങള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാരിക്കൂട്ടേണ്ട സാഹചര്യമില്ല. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.