പഴയ കാലമൊക്കെ പോയി; സോഷ്യല്‍ മീഡിയ ഇനി നിങ്ങളുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കും; 'വൈബ്-കോഡിങു'മായി ബ്ലൂസ്‌കൈയുടെ പുതിയ ആപ്പ് 'ആറ്റി'

 പഴയ കാലമൊക്കെ പോയി; സോഷ്യല്‍ മീഡിയ ഇനി നിങ്ങളുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കും; 'വൈബ്-കോഡിങു'മായി ബ്ലൂസ്‌കൈയുടെ പുതിയ ആപ്പ് 'ആറ്റി'

സാങ്കേതിക വിദ്യയില്‍ നിരവധി മാറ്റങ്ങളാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കാണാം. സോഷ്യല്‍ മീഡിയയില്‍ എന്ത് കാണണമെന്ന് അതാത് പ്ലാറ്റ്ഫോമുകളിലെ അല്‍ഗോരിതങ്ങള്‍ തീരുമാനിക്കുന്ന കാലവും സാങ്കേതിക വിദ്യയുടെ പുതിയ വികാസത്തോടെ അവസാനിക്കുകയാണ്.

ഉപയോക്താക്കള്‍ക്ക് സ്വന്തം താല്‍പര്യത്തിനനുസരിച്ച് സോഷ്യല്‍ മീഡിയ ഫീഡുകള്‍ രൂപകല്‍പ്പന ചെയ്യാം എന്നതാണ് ഇപ്പോള്‍ വരുന്ന അപ്‌ഡേഷന്‍. ഇതിന് സഹായിക്കുന്ന 'ആറ്റി' (Attie) എന്ന പുതിയ ആപ്പ് ബ്ലൂസ്‌കൈ അവതരിപ്പിച്ചു.

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ്, സോഷ്യല്‍ മീഡിയ അനുഭവത്തെ പൂര്‍ണമായും ഉപയോക്താവിന്റെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നു.

പ്രോഗ്രാമിങ് ഭാഷകള്‍ അറിയാതെ തന്നെ നിര്‍മിത ബുദ്ധി ടൂളുകളോട് സംസാരിച്ച് ഒരു ആപ്പ് അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്ന രീതിയാണിത്. ഇതില്‍ കോഡിങിന്റെ സാങ്കേതിക വശങ്ങള്‍ അറിയേണ്ടതില്ല. മറിച്ച് നിങ്ങളുടെ ആശയത്തിനാണ് പ്രാധാന്യം.

ആറ്റിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ സാധാരണ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ കമ്പനികള്‍ നിശ്ചയിക്കുന്ന അല്‍ഗോരിതങ്ങളാണ് നമ്മള്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത്.

എന്നാല്‍ ആറ്റിയില്‍ ഉപയോക്താക്കള്‍ക്ക് ലളിതമായ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് തങ്ങള്‍ക്ക് കാണേണ്ട കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഫീഡുകള്‍ നിര്‍മിക്കാം.

ചാറ്റ് ബോട്ടുകളോട് സംസാരിക്കുന്നത് പോലെ ലളിതമായി അല്‍ഗോരിതങ്ങള്‍ ഒരുക്കാനും അതുവഴി പ്ലാറ്റ്ഫോമില്‍ നമുക്ക് ഇഷ്ടമുള്ള പോസ്റ്റുകള്‍ മാത്രം കാണാനും ഇതിലൂടെ സാധിക്കും.

ആന്ത്രാപിക്കിന്റെ ക്ലോഡ് എന്ന എഐ മോഡല്‍ അടിസ്ഥാനമാക്കിയാണ് ആറ്റി ഒരുക്കിയിരിക്കുന്നത്. ബ്ലൂസ്‌കൈ ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ആറ്റിയില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ അല്‍ഗോരിതങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബ്ലൂസ്‌കൈ ഇത്തരമൊരു പരീക്ഷണം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

കാനഡയിലെ വാന്‍കൂവറില്‍ നടന്ന 'അറ്റ്മോസ്ഫിയര്‍' കോണ്‍ഫറന്‍സിലാണ് ആറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. നിലവില്‍ ഈ ആപ്പ് പ്രൈവറ്റ് ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്.

വരും ദിവസങ്ങളില്‍ ബ്ലൂസ്‌കൈയുടെ മറ്റ് ആപ്പുകളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സബ്സ്‌ക്രിപ്ഷന്‍ മോഡലിലൂടെ ഈ എഐ സേവനം ഭാവിയില്‍ മോണിറ്റൈസ് ചെയ്യാനും ബ്ലൂസ്‌കൈ ആലോചിക്കുന്നുണ്ട്.

ട്വിറ്ററിന്റെ മുന്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തില്‍ 2019 ല്‍ ഒരു പ്രോജക്റ്റായി തുടങ്ങിയ ബ്ലൂസ്‌കൈ ഇന്ന് നാല് കോടിയിലധികം ഉപയോക്താക്കളുള്ള സ്വതന്ത്ര പ്ലാറ്റ്ഫോമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.