ടെഹ്‌റാന്‍/ വാഷിങ്ടണ്‍: ഇറാനിലെ ചിത്രങ്ങളോ വിഡിയോയോ അമേരിക്കയ്ക്കോ ഇസ്രയേലിനോ അയയ്ക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് വ്യക്തമാക്കി ഇറാന്‍ ഭരണകൂടം.
അത്തരം വിവരങ്ങള്‍ നല്‍കുന്നത് ശത്രുവുമായി സഹകരിക്കുന്നതിന് തുല്യമാണ്. അങ്ങനെ ചെയ്താല്‍ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി വധശിക്ഷയ്ക്കു വിധേയരാക്കുമെന്നാണ് മുന്നറിയിപ്പ്.
ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ തങ്ങള്‍ ലക്ഷ്യമിട്ട ഇടം കൃത്യമാണെന്ന് ശത്രു തിരിച്ചറിയുകയാണെന്നും അധികൃതര്‍ പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും വിവരങ്ങള്‍ കൈമാറുന്നതായി ആരോപിച്ച് രണ്ട് പേരെ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്യ്യുകയും മറ്റു രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തിരുന്നു.
അതിനിടെ ഇറാന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെടാനുള്ള കാരണം വ്യക്തമാക്കി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് രംഗത്ത് വന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തെ വഞ്ചിച്ചതിനാലാണ് ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് അവര്‍ വ്യക്തമാക്കി.
അവര്‍ ഇപ്പോള്‍ ഭൂമിയില്‍ ജീവനോടെ ഇല്ല. കാരണം അവര്‍ കളവ് പറഞ്ഞു, ചര്‍ച്ചകളില്‍ ഞങ്ങളെ വഞ്ചിച്ചു. അത് പ്രസിഡന്റിന് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് മുന്‍ നേതാക്കളില്‍ പലരും കൊല്ലപ്പെട്ടത്. എന്നാലും ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ലെവിറ്റ് വ്യക്തമാക്കി.
'അവര്‍ ഞങ്ങളോട് സ്വകാര്യമായി പറയുന്നത് എന്തും പരിശോധിക്കപ്പെടും. അവര്‍ അവരുടെ വാക്ക് പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. സൈനികപരമായ പ്രത്യാഘാതങ്ങള്‍ പ്രസിഡന്റ് വിശദീകരിച്ചിട്ടുണ്ട്. ഇറാനിയന്‍ ഭരണകൂടം സ്വകാര്യമായി ഞങ്ങള്‍ക്ക് നല്‍കുന്ന വാക്ക് പാലിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'- കരോലിന്‍ ലെവിറ്റ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.