ജറുസലേം: നിലവിലെ യുദ്ധ സാഹചര്യങ്ങൾക്കിടയിലും ജറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിൽ വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ തടസമില്ലാതെ നടക്കും. ഇസ്രയേൽ പൊലീസുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ ധാരണയായതായി ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റും കസ്റ്റഡി ഓഫ് ഹോളി ലാൻഡും അറിയിച്ചു.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിശ്വാസികൾക്ക് കൂട്ടം ചേരുന്നതിനും നേരിട്ട് പങ്കെടുക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കായി തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും.
നേരത്തെ ഓശാന ഞായറാഴ്ച തിരുക്കല്ലറ ദേവാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തിരുക്കർമ്മങ്ങൾ നടത്തുന്നതിൽ നിന്നും ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെയും കസ്റ്റോസ് ഫാ. ഫ്രാൻസെസ്‌കോ ഇയൽപോയെയും പൊലീസ് തടഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഓശാന തിരുക്കർമ്മങ്ങൾ തടഞ്ഞ ഇസ്രയേൽ നടപടിയെ വിവിധ ലോകരാഷ്ട്രങ്ങൾ ശക്തമായി അപലപിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ സമ്മർദം ശക്തമായതോടെ ഇസ്രയേൽ ഭരണകൂടം നിലപാട് മയപ്പെടുത്തി. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പാത്രിയാർക്കീസിനെ നേരിട്ട് വിളിച്ച് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
ജറുസലേം പാത്രിയാർക്കീസിന് ദൈവാലയത്തിൽ പ്രവേശിക്കാനും തിരുക്കർമ്മങ്ങൾ നടത്താനും പൂർണ അനുമതി നൽകാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകി. കഴിഞ്ഞ ഓശാന തിരുക്കർമ്മങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് ഗെത്സെമനിയിലെ 'ബസിലിക്ക ഓഫ് ഓൾ നേഷൻസി'ലാണ് കർദിനാൾ ശുശ്രൂഷകൾ നടത്തിയത്.
തുടർന്ന് ഈശോയുടെ കുരിശിന്റെ തിരുശേഷിപ്പ് ഉയർത്തി അദേഹം ജറുസലേം നഗരത്തെ ആശീർവദിച്ചിരുന്നു. പുതിയ ധാരണയോടെ ദുഖവെള്ളി, ഈസ്റ്റർ തിരുക്കർമ്മങ്ങൾ വിശുദ്ധ നഗരത്തിൽ ഭക്തിനിർഭരമായി നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ ലോകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.