ഹോര്‍മുസ് പ്രതിസന്ധി: 40 രാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍

 ഹോര്‍മുസ് പ്രതിസന്ധി: 40 രാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നല്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ബ്രിട്ടന്റെ നേത്യത്വത്തില്‍ യോഗം ചേര്‍ന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവറ്റ് കൂപ്പര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലേക്ക് ഇന്ത്യക്കും ക്ഷണമുണ്ടായിരുന്നു.

വെര്‍ച്വലായി നടന്ന യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തു. ഹോര്‍മുസ് അടച്ചിട്ട നടപടി ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കിയെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി. അതേസമയം യുഎസ് യോഗത്തില്‍ പങ്കെടുത്തില്ല. ഹോര്‍മുസ് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ ചുമതലയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്.

ഇറാന്‍ യുദ്ധത്തില്‍ തങ്ങളെ പിന്തുണയ്ക്കാത്തതിന് യൂറോപ്യന്‍ സഖ്യകക്ഷികളെ ട്രംപ് വിമര്‍ശിക്കുകയും നാറ്റോയില്‍ നിന്ന് യുഎസ് പിന്‍മാറുമെന്ന ഭീഷണി വീണ്ടും ഉയര്‍ത്തുകയും ചെയ്തിരുന്നു. ഹോര്‍മുസ് വീണ്ടും തുറക്കുന്നതിന് സൈനിക മാര്‍ഗങ്ങളേക്കാള്‍ രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നാണ് ബ്രിട്ടന്റെ നിലപാട്. എണ്ണ, ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനവ് ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും വ്യവസായങ്ങളേയും ബാധിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഹോര്‍മുസിനും സമീപ മേഖലയിലുമായി വാണിജ്യ കപ്പലുകള്‍ക്ക് നേരെ 23 നേരിട്ടുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. ഇതില്‍ 11 കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഷിപ്പിങ് ഡാറ്റാ സ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല്‍പതിലധികം രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍, കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കുന്നത് ഉറപ്പാക്കുന്നതിനുള്ള നയതന്ത്രപരവും ആഗോളതലത്തിലുള്ളതുമായ ആസൂത്രണ നടപടികള്‍ ചര്‍ച്ച ചെയ്തതു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.