സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

കൊച്ചി: സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ അര്‍ധരാത്രിയിലായിരുന്നു ഈസ്റ്റര്‍ ശുശ്രൂഷകള്‍. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ വിശ്വാസികള്‍ ദേവാലയങ്ങളിലെ പ്രാര്‍ഥനകളില്‍ പങ്കാളികളായി.

ഈസ്റ്റര്‍ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്ക് ഇറക്കുകയും ചെയ്യുന്നുവെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റര്‍ ദിന ദിവ്യബലിയിലെ സന്ദേശത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ലോകത്ത് വര്‍ധിച്ച് വരുന്ന യുദ്ധങ്ങളിലും അനീതികളിലും തളര്‍ന്ന് പോകാതെ സമാധാനത്തിനായി നിലകൊള്ളണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഈസ്റ്റര്‍ വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളര്‍ത്തുകയും ചെയ്യുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകമാകെ വ്യാപിപ്പിക്കാന്‍ വിശുദ്ധരുടെ സമര്‍പ്പണം മാതൃകയാക്കണമെന്നും അദേഹം പറഞ്ഞു. മാര്‍പാപ്പയായി ചുമതലയേറ്റതിന് ശേഷമുള്ള അദേഹത്തിന്റെ ആദ്യ ഈസ്റ്റര്‍ ആയിരുന്നു ഇത്.

സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാനവ ചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാന രഹസ്യമാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. ക്രിസ്തുവിന്റെ ഉയിര്‍പ്പ്, ഇരുളിനുമേല്‍ വെളിച്ചവും മരണത്തിനുമേല്‍ ജീവനും നേടിയ വിജയത്തിന്റെ അടയാളമാണെന്ന് യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

നന്മയും സ്‌നേഹവും ഏതൊരു പ്രതിബന്ധത്തെയും അതിജീവിക്കുമെന്നും അന്തിമ വിജയം സത്യത്തിന്റേതാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്നും അനീതിക്ക് മുകളില്‍ മാനവികതയും സ്‌നേഹവും പ്രകാശമായി ഉദിച്ചുയര്‍ന്ന ദിനമാണ് ഈസ്റ്ററെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ കുറിച്ചു. ഈസ്റ്റര്‍ പകരുന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പതറിപ്പോകുന്ന നിമിഷങ്ങളില്‍ നിന്ന് കരുത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനും സമാധാനത്തിന്റെ പക്ഷം ചേര്‍ന്ന് ലോകത്തിന് ഊര്‍ജമാകാനും എല്ലാവര്‍ക്കും സാധിക്കട്ടെ. പ്രത്യാശയുടെ തിരിനാളം തെളിച്ച് പുതിയൊരു പുലരിയിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവെക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അമ്പത് ദിവസത്തെ വലിയ നോമ്പിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കുന്നത്. നോമ്പുകാലത്തെ പ്രാര്‍ഥനകള്‍ക്കും പരിത്യാഗങ്ങള്‍ക്കും ഒടുവില്‍ എത്തുന്ന ഈസ്റ്റര്‍ ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. ദേവാലയങ്ങളിലെ ആത്മീയ ചടങ്ങുകള്‍ക്കൊപ്പം തന്നെ സാമൂഹികമായ ഒത്തുചേരലുകളും ഈസ്റ്ററിന്റെ സവിശേഷതയാണ്. ഈസ്റ്റര്‍ കേവലം ഒരു ആഘോഷം മാത്രമല്ല, മറിച്ച് മനുഷ്യരാശിക്ക് നല്‍കുന്ന വലിയൊരു പ്രത്യാശയുടെ സന്ദേശമാണ്.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലത്താണ് ഇത്തവണത്തെ ആഘോഷം. പീഡനങ്ങളും കഷ്ടപ്പാടുകളും അവസാനിക്കുമെന്നും വിജയത്തിന്റെ ഒരു പുലരി ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഉണ്ടാകുമെന്നും ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്‌നേഹവും സമാധാനവും സാഹോദര്യവും ഈ ദിനം ലോകമെങ്ങും പരത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.