സൗദിയിൽ ഇനി വിമാന ടിക്കറ്റിനൊപ്പം ട്രെയിൻ ടിക്കറ്റും; യാത്രക്കാർക്കായി പുതിയ ഏകീകൃത സംവിധാനം

സൗദിയിൽ ഇനി വിമാന ടിക്കറ്റിനൊപ്പം ട്രെയിൻ ടിക്കറ്റും; യാത്രക്കാർക്കായി പുതിയ ഏകീകൃത സംവിധാനം

മദീന: സൗദി അറേബ്യയിലെ യാത്രകൾ ഇനി കൂടുതൽ സുഗമമാകും. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയും സൗദി അറേബ്യ റെയിൽവേയും കൈകോർക്കുന്നതോടെ വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും ഒരൊറ്റ ബുക്കിങ്ങിലൂടെ ലഭ്യമാകുന്ന ഏകീകൃത സംവിധാനം നിലവിൽ വരുന്നു. മദീനയിൽ നടന്ന ഉംറ ആൻഡ് സിയാറ ഫോറം 2026 ലാണ് ഈ ചരിത്രപരമായ കരാർ ഒപ്പിട്ടത്.

പുതിയ കരാർ പ്രകാരം വിമാനയാത്രയ്ക്കും റെയിൽവേ യാത്രയ്ക്കും പ്രത്യേകമായി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ട സാഹചര്യം ഒഴിവാകും. ഒരൊറ്റ ട്രാൻസാക്ഷനിലൂടെ രണ്ട് യാത്രകൾക്കുമുള്ള ബോർഡിങ് പാസുകൾ ഒരേസമയം ഇഷ്യൂ ചെയ്യാൻ സാധിക്കും. ഇത് യാത്രാ പ്ലാനിങ്ങിലെ സങ്കീർണതകൾ കുറയ്ക്കുകയും യാത്രക്കാരുടെ സമയം ലാഭിക്കുകയും ചെയ്യും. ഡിജിറ്റൽ നൂതനത്വത്തിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്താനാണ് സൗദിയ ലക്ഷ്യമിടുന്നതെന്ന് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് എസ്സാം അഖോൻബേ പറഞ്ഞു.

തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേയാണ് ഈ സേവനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഈ റെയിൽ ശൃംഖലയ്ക്ക് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം അഞ്ച് സ്റ്റേഷനുകളുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഹറമൈൻ ട്രെയിനിലേക്ക് വിമാനത്താവളത്തിൽ നിന്ന് നേരിട്ട് മാറിക്കയറാൻ പുതിയ സംവിധാനം വഴി സാധിക്കും.

ടിക്കറ്റ് ഏകീകരണത്തിന് പുറമെ യാത്രക്കാർക്ക് ഭക്ഷണത്തിനും ലോഞ്ച് സൗകര്യങ്ങൾക്കുമുള്ള വൗച്ചറുകൾ ഡിജിറ്റലായി നൽകുന്നതിനായി 'iCoupon' എന്ന കമ്പനിയുമായും സൗദിയ കരാറിലേർപ്പെട്ടിട്ടുണ്ട്. അർഹരായ യാത്രക്കാർക്ക് അവരുടെ ബോർഡിങ് പാസിലൂടെ തന്നെ തത്സമയം ഈ സേവനങ്ങൾ ലഭ്യമാകും.

സൗദി അറേബ്യയുടെ ട്രാൻസ്പോർട്ട് ഇക്കോസിസ്റ്റത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം തീർത്ഥാടകർക്കും അന്താരാഷ്ട്ര സഞ്ചാരികൾക്കും നഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കാൻ ഈ മാറ്റം വഴിയൊരുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.