കേരളം വിധി എഴുതാന്‍ മണിക്കൂറുകള്‍ മാത്രം; ഇന്ന് കൊട്ടിക്കലാശം: ആത്മവിശ്വാസത്തില്‍ മുന്നണികള്‍

കേരളം വിധി എഴുതാന്‍ മണിക്കൂറുകള്‍ മാത്രം; ഇന്ന് കൊട്ടിക്കലാശം: ആത്മവിശ്വാസത്തില്‍ മുന്നണികള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തിലേറെ നീണ്ടുനിന്ന ആവേശകരമായ പരസ്യ പ്രചാരണത്തിന് ഇന്ന് വൈകുന്നേരത്തോടെ തിരശീല വീഴും. ഏപ്രില്‍ ഒന്‍പതിനാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.

പ്രമുഖ നേതാക്കളെല്ലാം തങ്ങളുടെ മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്ത് അവസാനവട്ട വോട്ടുകള്‍ ഉറപ്പിക്കാനുള്ള തിരക്കിലാണ്. റോഡ് ഷോകളും ബൈക്ക് റാലികളും അനൗണ്‍സ്മെന്റുകളുമായി കേരളം വരും മണിക്കൂറുകളില്‍ ഇരമ്പും. പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പിന്നെ നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫ്, അധികാരം തിരിച്ചുപിടിക്കാനിറങ്ങുന്ന യുഡിഎഫ്, കരുത്ത് തെളിയിക്കാന്‍ പോരാടുന്ന എന്‍ഡിഎ എന്നിവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വികസനവും ക്ഷേമപദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് ഇടതുമുന്നണി വോട്ട് തേടുന്നത്. 97 ശതമാനം വാഗ്ദാനങ്ങളും പാലിച്ചുവെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. അതേസമയം സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിലാണ് യു.ഡി.എഫ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാന ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള സാന്നിധ്യവും കേന്ദ്ര പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നേതൃത്വം മത്സരം കാഴ്ചവെക്കുന്നത്.

സംസ്ഥാനത്തെ 2.71 കോടി വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുന്നത്. സുഗമമായ വോട്ടെടുപ്പിനായി എല്ലാ പോളിങ് സ്റ്റേഷനുകളിലും വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും കേന്ദ്ര സേനയുടെ കാവലും ഏര്‍പ്പെടുത്തി. മെയ് നാലിനാണ് വോട്ടെണ്ണല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.