കൊച്ചി: കേരളത്തെ തകര്‍ത്ത 2018 ലെ പ്രളയത്തിന് കാരണം പിണറായി സര്‍ക്കാരിന്റെ അഴിമതിയും ക്രമക്കേടുമായിരുന്നുവെന്ന് മൂവാറ്റുപുഴയിലെ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. മാത്യു കുഴല്‍നാടന്‍. കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമാണെന്നും കരിമണല്‍ ലോബിക്ക് വേണ്ടി മന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് കളിച്ചതാണെന്നും അദേഹം കുറ്റപ്പെടുത്തി. മുന്‍ ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദ രേഖയും മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു.
കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതില്‍ ക്രമക്കേടും അഴിമതിയും നടന്നെന്നും കൃഷ്ണന്‍കുട്ടി ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളതെന്ന് അദേഹം വ്യക്തമാക്കി.
ശബ്ദ രേഖയിലെ പ്രസക്ത ഭാഗങ്ങള്‍:-
'അഴിമതിയില്‍ ഇവന്‍ പുണ്യവാന്‍ ചമയേണ്ട. തോട്ടപ്പിള്ളി സ്പില്‍വേ എന്താണ് തുറക്കാതിരുന്നത്. ഒരു മാസം മുന്‍പ് തുറക്കേണ്ടതാണ്. എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. അത് തുറന്നാല്‍ താഴെയുള്ള മണല്‍കെട്ട് വെള്ളം കൊണ്ട് പോകും. മേരി മാതാ എന്ന കോണ്‍ട്രാക്ടര്‍മാരാണ് അതിന്റെ കരാര്‍ എടുത്തിരിക്കുന്നത്. ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ് കരാര്‍ കൊടുത്തിരിക്കുന്നത്. മറിച്ച് വിറ്റാല്‍ 2000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതിരുന്നത്. ജോഷി എന്ന ചീഫ് എഞ്ചിനീയറും ജോര്‍ജ് തോമസിന്റെ പെങ്ങളും മാത്യു ടീമും ചേര്‍ന്നാണ് കളിച്ചിരിക്കുന്നത്.
മണിയാര്‍ പ്രോജക്ട് ഇറിഗേഷന്‍ വകുപ്പിന്റേതാണ്. ഇലക്ട്രിസിറ്റിയുടെ പ്രോജക്ടിലും കറണ്ട് എടുക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. മണിയാറില്‍ വെള്ളം നിറയ്ക്കാന്‍ പാടില്ല. എന്നാല്‍ കരാറുകാര്‍ക്ക് വേണ്ടി ഷട്ടറിട്ട് വെള്ളം നിറച്ചു. ജോഷി കണ്ണടച്ച് എല്ലാവര്‍ക്കും വെള്ളം നിറയ്ക്കാനുള്ള അവസരം കൊടുത്തു. എട്ട് കോടി രൂപയാണ് പ്രൈവറ്റ് കമ്പനിക്ക് ലാഭം കിട്ടിയത്. എന്നിട്ട് വെള്ളം അധികമായി വന്നപ്പോള്‍ തുറന്നതാണ് ചെങ്ങന്നൂരെല്ലാം നശിക്കാന്‍ കാരണം. കാര്‍ബൊറാണ്ടത്തില്‍ നിന്ന് കാശ് ആര്‍ക്ക് കിട്ടി?
പറമ്പിക്കുളം, തൂണക്കടവ്, ഷോളയാര്‍ ഇവിടെയൊക്കെ നമ്മളാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. ഒരു വര്‍ഷം കേരളവും അടുത്ത വര്‍ഷം തമിഴ്നാടും എന്ന നിലയ്ക്കാണ്. വെള്ളം എപ്പോള്‍ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്. ആ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാതെ കേരളത്തിലേക്ക് മുഴുവന്‍ തുറന്നുവിടാന്‍ ഇവന്‍ കൂട്ട് നിന്നു. 1400 ക്യുസെക്വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ കപ്പാസിറ്റിയുണ്ട്. 800 ആണ് കൊണ്ടുപോയത്. 35 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടിടത്ത് 20 മെഗാവാട്ടേ ഉല്‍പാദിപ്പിച്ചുള്ളു.
200 കോടിയുടെ പദ്ധതി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍. ഈ വെള്ളം പോയാല്‍ ആ പദ്ധതിയെ ബാധിക്കും. ആ കരാറുകാരന്‍ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു. അപ്പോള്‍ എന്ത് ചെയ്തു. ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്. പുണ്യവാളന്‍ വലിയ ആദര്‍ശവാനാണെന്ന് പറയുന്നുണ്ടല്ലോ. എത്ര കോടി രൂപയുണ്ടാക്കിയിട്ടുണ്ടാകും.'-
എന്നിങ്ങനെയാണ് സംഭാഷണത്തില്‍ ഉള്ളത്. എന്നാല്‍ ആരോപണങ്ങളില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളം തകര്‍ന്നതല്ല കേരളം തകര്‍ത്ത് തരിപ്പണമാക്കിയതാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. അതേസമയം പുറത്തുവിട്ട ശബ്ദരേഖ ആരോട് എപ്പോള്‍, ഏത് ഘട്ടത്തില്‍ സംസാരിച്ചതാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കിയില്ല. എന്നാല്‍ സംഭവത്തില്‍ മാത്യു ടി. തോമസിന് പങ്കുണ്ടെന്നതിന് കൃഷ്ണന്‍ കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്ന് അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.