കേരളം നാളെ പോളിങ് ബൂത്തിലേക്ക്: ഇന്ന് നിശബ്ദ പ്രചാരണം; പ്രശ്നബാധിത മണ്ഡലങ്ങളില്‍ നിരോധനാജ്ഞ

കേരളം നാളെ പോളിങ് ബൂത്തിലേക്ക്: ഇന്ന് നിശബ്ദ പ്രചാരണം; പ്രശ്നബാധിത മണ്ഡലങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. പരസ്യ പ്രചാരണത്തിന്റെ ആവേശമുയര്‍ന്ന കലാശക്കൊട്ടിന് ശേഷം നാളെ പോളിങ് ബൂത്തിലേക്ക് പോകുന്ന വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും.

വിവിധ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മുതലാണ് വിതരണം ആരംഭിച്ചത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള 48 മണിക്കൂര്‍ നിശബ്ദ കാലയളവ് ആരംഭിച്ചു. ഈ സമയത്ത് മൈക്ക് പ്രചാരണമോ ലൗഡ്‌സ്പീക്കര്‍ ഉപയോഗമോ അനുവദിക്കില്ല. കൂടാതെ വോട്ടെടുപ്പ് ദിവസം ഡ്രൈ ഡേ ആയിരിക്കും.

പോളിങ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ബൂത്തിലെത്തുന്ന സമ്മതിദായകര്‍ വോട്ടര്‍ സ്ലിപ്പിന് പുറമെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമായും കൈകരുതണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള രേഖകളില്‍ ഒന്ന് ഹാജരാക്കാവുന്നതാണ്. വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ.

പ്രശ്നബാധിത മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 29 വരെ രാജ്യത്ത് എക്‌സിറ്റ് പോളുകള്‍ക്കും അഭിപ്രായ സര്‍വേകള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദേശം ലംഘിച്ച് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയോ പത്രങ്ങളിലൂടെയോ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയമ നടപടികള്‍ക്ക് കാരണമാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2500 പ്രശ്നബാധിത ബൂത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ലോക്കല്‍ യൂണിറ്റിന് പുറമെ സ്പെഷ്യല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍, മറ്റ് ഡിപ്പാര്‍ട്മെന്റുകളിലെ സേനാംഗങ്ങള്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 140 കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെത്തും. വോട്ടര്‍മാര്‍ക്ക് സമാധാനപരവും സ്വതന്ത്രവുമായ രീതിയില്‍ വോട്ട് രേഖപ്പെടുത്താന്‍ ആവശ്യമായ എല്ലാ സജീകരണങ്ങളും കേരള പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.