മരണക്കടലായി മെഡിറ്ററേനിയൻ; ഈ വർഷം മരിച്ച അഭയാർത്ഥികൾ ആയിരത്തിലേക്ക്, പത്ത് ദിവസത്തിനിടെ 180 മരണം

മരണക്കടലായി മെഡിറ്ററേനിയൻ; ഈ വർഷം മരിച്ച അഭയാർത്ഥികൾ ആയിരത്തിലേക്ക്, പത്ത് ദിവസത്തിനിടെ 180 മരണം

റോം: മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന അഭയാർത്ഥികളുടെ കൂട്ടമരണം തുടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയുണ്ടായ വിവിധ ബോട്ട് അപകടങ്ങളിലായി 180-ലധികം പേരെ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഇതോടെ 2026 ന്റെ ആദ്യ നാല് മാസങ്ങൾ പിന്നിടുമ്പോൾ മെഡിറ്ററേനിയനിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരത്തിനടുത്തെത്തി.

ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി പുറപ്പെട്ട ബോട്ടുകളാണ് മോശം കാലാവസ്ഥയെത്തുടർന്ന് തകർന്നത്. ഇറ്റാലിയൻ തീരസംരക്ഷണ സേനയും സന്നദ്ധ സംഘടനകളുടെ കപ്പലുകളും ചേർന്ന് ഏതാനും പേരെ രക്ഷപ്പെടുത്തിയെങ്കിലും ഭൂരിഭാഗം യാത്രക്കാരും കടലിൽ മുങ്ങിപ്പോയി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മരണ സംഖ്യയിൽ ഇത്തവണ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുദ്ധം, ആഭ്യന്തര കലാപം, കടുത്ത ദാരിദ്ര്യം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ബോട്ടുകളിൽ കടൽ കടക്കാൻ ശ്രമിക്കുന്നത്. മനുഷ്യക്കടത്ത് നടത്തുന്ന മാഫിയാ സംഘങ്ങളുടെ ചതിയിൽപ്പെട്ട് ശേഷിയിൽ കൂടുതൽ ആളുകളെ കയറ്റിയ ചെറിയ ബോട്ടുകളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.

തുടർച്ചയായുണ്ടാകുന്ന ഈ മനുഷ്യ ദുരന്തം ഒഴിവാക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് അന്താരാഷ്ട്ര അഭയാർത്ഥി സംഘടന ആവശ്യപ്പെട്ടു. സുരക്ഷിതമായ കുടിയേറ്റ മാർ​ഗങ്ങൾ ഒരുക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും ആഗോളതലത്തിൽ ഏകോപിതമായ നീക്കം വേണമെന്നും സംഘടന ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.