ആത്മവിശ്വാസത്തില്‍ മുന്നണികള്‍: നേരത്തേയെത്തി പ്രമുഖരും സ്ഥാനാര്‍ത്ഥികളും

 ആത്മവിശ്വാസത്തില്‍ മുന്നണികള്‍: നേരത്തേയെത്തി പ്രമുഖരും സ്ഥാനാര്‍ത്ഥികളും

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രമുഖര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

പിണറായിയിലെ മുണ്ടയോട് 105-ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറവൂരിലെ കേസരി മെമ്മോറിയല്‍ കോളജില്‍ കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊട്ടാരക്കര ഡയറ്റിലെ 94-ാം നമ്പര്‍ ബൂത്തില്‍ കുടുംബ സമേതം വോട്ട് ചെയ്തു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ സുരേഷ് ഗോപിയെ കാണാന്‍ ബൂത്തിലെത്തിയിരുന്നു. നടന്‍ മോഹന്‍ലാല്‍ നേമം മണ്ഡലത്തിലെ മുടവന്‍മുകള്‍ സ്‌കൂളിലെ 36-ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് അദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വരും മണിക്കൂറുകളില്‍ കൂടുതല്‍ സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തും. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്ന് മുഖ്യമന്ത്രി

വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ബേപ്പൂരില്‍ സര്‍വകാല റെക്കോര്‍ഡ് വോട്ട് നേടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂരില്‍ സര്‍വകാല റെക്കോര്‍ഡ് വോട്ട് നേടുമെന്നും ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ്.

നൂറിലധികം സീറ്റുകള്‍ നേടുമെന്ന് വി.ഡി സതീശന്‍

കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പറവൂരിലെ കേസരി മെമ്മോറിയല്‍ കോളജിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് സണ്ണി ജോസഫ്

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരം പിടിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ യുഡിഎഫ് തരംഗം ഇത്തവണയും ആവര്‍ത്തിക്കും. ചില സര്‍വേകളില്‍ താന്‍ തോല്‍ക്കുമെന്ന് കണ്ടു. എന്നാല്‍ തനിക്ക് ജനങ്ങളുടെ സര്‍വേ കൃത്യമായി അറിയാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഒന്നാമനായി ഫിനിഷ് ചെയ്യുമെന്ന് വി.ടി ബല്‍റാം

കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തില്‍ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം, ബൂത്തിലെ ആദ്യ വോട്ടര്‍മാരില്‍ ഒരാളായാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ബൂത്തില്‍ ഒന്നാമനായി വോട്ട് രേഖപ്പെടുത്തിയത് പോലെ ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിലും ഒന്നാമനായി തന്നെ ഫിനിഷ് ചെയ്യുമെന്ന് അദേഹം പറഞ്ഞു.

യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോര്‍ഡ് വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും വിജയിച്ച ആത്മവിശ്വാസവുമായാണ് യുഡിഎഫ് ഫൈനല്‍ പോരാട്ടത്തിന് എത്തിയിരിക്കുന്നത്. ഈ ഫൈനലിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് അദേഹം പറഞ്ഞു.

ഗുരുവായൂരപ്പന് നന്ദി പറഞ്ഞ് സുരേഷ് ഗോപി

ഇത്തവണ ഗുരുവായൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

മോഡിജിയുടെ ബഹനാണ് താനെന്ന് ആര്‍. ശ്രീലേഖ

വട്ടിയൂര്‍ക്കാവില്‍ താന്‍ വിജയിക്കുമെന്ന് ആര്‍. ശ്രീലേഖ. മോഡിജിയുടെ ബഹനാണ് താനെന്നും അവര്‍ പറഞ്ഞു. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് ഗുണകരമായ 'ഹൈപ്പ്' ആയി മാറിയെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട്ടെ ആരോപണങ്ങള്‍ എന്‍ഡിഎയെ ഒരു തരത്തിലും ബാധിക്കില്ല. ശോഭ സുരേന്ദ്രന്‍ പണം നല്‍കി എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ ശ്രീലേഖ ബിജെപിയുടെ വിജയ സാധ്യതയില്‍ ഭയന്നാണ് എതിരാളികള്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.