ന്യൂയോർക്ക്: നിർധനരായ കാൻസർ രോഗികൾക്ക് 125 വർഷമായി സൗജന്യ ശുശ്രൂഷ നൽകി വരുന്ന ഹോത്തോണിലെ ഡൊമിനിക്കൻ സന്യാസിനിമാർ നിയമ പോരാട്ടത്തിലേക്ക്. കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങൾക്ക് വിരുദ്ധമായ 'ജെൻഡർ ഐഡന്റിറ്റി' നിയമങ്ങൾ പാലിക്കണമെന്ന് സർക്കാർ നിർബന്ധിക്കുന്നതിനെതിരെ സന്യാസിനിമാർ ഫെഡറൽ കോടതിയെ സമീപിച്ചു. 2026 ഏപ്രിൽ ആറിനാണ് ഇവർ ഹർജി സമർപ്പിച്ചത്.
2023 ൽ ന്യൂയോർക്ക് സ്റ്റേറ്റ് പാസാക്കിയ പുതിയ നിയമമാണ് വിവാദങ്ങൾക്ക് ആധാരം. ലൈംഗികാഭിമുഖ്യം, ലിംഗ സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം രോഗികൾ ആവശ്യപ്പെടുന്ന പ്രോനൗണുകൾ ഉപയോഗിക്കണമെന്നും മുറികൾ പങ്കിടുന്നതിൽ നിയന്ത്രണങ്ങൾ പാടില്ലെന്നും നിർദേശിക്കുന്നു. എന്നാൽ ഈ നിർദേശങ്ങൾ കത്തോലിക്കാ സഭയുടെ ധാർമ്മിക പ്രബോധനങ്ങൾക്കും വിശ്വാസ സത്യങ്ങൾക്കും വിരുദ്ധമാണെന്ന് സന്യാസിനിമാർ വാദിക്കുന്നു.
മറ്റ് ചില സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് ഈ നിയമത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ടെന്നും എന്നാൽ കത്തോലിക്കാ സന്യാസിനിമാർക്ക് ഇളവ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമായ വിവേചനമാണെന്നും സിസ്റ്റേഴ്സിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. "ദരിദ്രർക്കുള്ള ഞങ്ങളുടെ സേവനം തടസ്സമില്ലാതെ തുടരാനും സഭയുടെ വിശ്വാസങ്ങൾ മുറുകെ പിടിക്കാനുമാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്." - സന്യാസിനി സമൂഹം ഹർജിയിൽ വ്യക്തമാക്കി.
പ്രശസ്ത എഴുത്തുകാരൻ നഥാനിയേൽ ഹോത്തോണിന്റെ മകൾ റോസ് ഹോത്തോൺ 1900 ൽ സ്ഥാപിച്ചതാണ് ഈ ശുശ്രൂഷാ കേന്ദ്രം. ഇൻഷുറൻസ് തുകയോ സർക്കാർ ധനസഹായമോ സ്വീകരിക്കാതെ പൂർണമായും സൗജന്യമായാണ് ഇവർ രോഗികളെ പരിചരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ നിയമപോരാട്ടത്തെ ഉറ്റുനോക്കുന്നത്.
വിഷയത്തിൽ ഫെഡറൽ കോടതിയുടെ നിലപാട് സമാനമായ സാഹചര്യങ്ങൾ നേരിടുന്ന മറ്റ് ക്രൈസ്തവ സ്ഥാപനങ്ങൾക്കും നിർണായകമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.