ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെ ഇറാനും അമേരിക്കയും പരസ്പര ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ തുടര്‍ ചര്‍ച്ചകളുടെ ഭാവി അനശ്ചിതത്വത്തിലായി. അതിനിടെ യുദ്ധത്തില്‍ ഇറാന് അനുകൂലമായി റഷ്യയുടെ ചില രഹസ്യ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങളുടെയും ഇസ്രയേലിലെ തന്ത്രപ്രധാനമായ ഊര്‍ജ നിലയങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറിയതായി ഉക്രേനിയന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ ഉപഗ്രഹങ്ങള്‍ വഴി മിഡില്‍ ഈസ്റ്റിലെ 11 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന 46 സൈനിക കേന്ദ്രങ്ങള്‍ നിരീക്ഷിച്ചതായാണ് കണ്ടെത്തല്‍. സൗദി അറേബ്യ, ഇസ്രയേല്‍, ജോര്‍ദാന്‍, യുഎഇ, കുവൈറ്റ്് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളുടെയും എണ്ണപ്പാടങ്ങളുടെയും ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ റഷ്യ ഇറാന് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
റഷ്യന്‍ ഉപഗ്രഹങ്ങള്‍ നിരീക്ഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കേന്ദ്രങ്ങളില്‍ ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 27 ന് സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഇത്തരമൊരു നിരീക്ഷണമുണ്ടായിരുന്നു. ഇസ്രായേലിലെ 55 അതീവ സുപ്രധാന ഊര്‍ജ കേന്ദ്രങ്ങളുടെ പട്ടിക റഷ്യ ഇറാന് നല്‍കിയതായാണ് സൂചന.
ഹദേരയിലെ 'ഒറോട്ട് റാബിന്‍' പവര്‍ സ്റ്റേഷന്‍ തകര്‍ക്കാന്‍ റഷ്യ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രായേലിന്റെ വൈദ്യുതി ശൃംഖല ഒറ്റപ്പെട്ടതാണെന്നും ഏതാനും പ്രധാന നിലയങ്ങള്‍ തകര്‍ത്താല്‍ രാജ്യം മുഴുവന്‍ ദീര്‍ഘകാലം ഇരുട്ടിലാകുമെന്നും റഷ്യ ഇറാനെ ധരിപ്പിച്ചിട്ടുണ്ട്. സൈനിക സഹായത്തിന് പുറമെ സൈബര്‍ മേഖലയിലും ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നുണ്ട്.
റഷ്യന്‍ ഹാക്കര്‍മാരും ഇറാന്റെ 'ഹണ്ടാല ഹാക്ക്' പോലുള്ള ഗ്രൂപ്പുകളും ചേര്‍ന്ന് ഇസ്രായേലിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ടെലികോം, ഊര്‍ജ കമ്പനികളെ ലക്ഷ്യമിടുന്നുണ്ട്. ഇസ്രയേലിലെ നിര്‍ണായക കേന്ദ്രങ്ങളുടെ കണ്‍ട്രോള്‍ സിസ്റ്റങ്ങളിലേക്ക് കടന്നു കയറാനുള്ള വിവരങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ടെലിഗ്രാം വഴി കൈമാറുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് റഷ്യന്‍ ഉപഗ്രഹങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. ആഗോളതലത്തില്‍ എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനം നടക്കുന്ന ഈ പാതയിലെ ശത്രു രാജ്യങ്ങളുടെ കപ്പലുകളെ കണ്ടെത്താന്‍ റഷ്യയാണ് ഇറാനെ സഹായിക്കുന്നത്.
റഷ്യയും ഇറാനും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പിട്ട തന്ത്രപരമായ പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വിവര കൈമാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ ആരോപണങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇറാന്‍ റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കുന്നതിലുള്ള പ്രതികാരമായാണ് ഉക്രെയ്ന്‍ ഈ വിവരങ്ങള്‍ പുറത്തു വിട്ടതെന്ന് കരുതപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.