ക്രൈസ്തവ സഭകളുടെയും പുരോഹിതരുടെയും അവകാശങ്ങള്‍ ഹനിക്കുന്നതാകും ബോര്‍ഡ് എന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ക്രിസ്ത്യന്‍ ക്ഷേമ ബോര്‍ഡ് രൂപവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്രൈസ്തവര്‍ക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നല്‍കുന്നതിന്റെ ഭാഗമായാണ് ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള ക്ഷേമ ബോര്‍ഡാണ് ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് സംഘപരിവാര്‍ ബന്ധമുള്ള എന്‍ജിഒ ആണ് വിവരങ്ങള്‍ ആരാഞ്ഞത്. ഇത് റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നീക്കം. ആചാരങ്ങള്‍ കാരണം അവകാശ ലംഘനം നേരിടുന്ന ക്രിസ്ത്യാനികള്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പാക്കുക, വിവാഹം, ശവസംസ്‌കാരം, മിശ്ര വിവാഹിതരായ ദമ്പതിമാരുടെ കുട്ടികള്‍ക്ക് മതം തിരഞ്ഞെടുക്കാനുള്ള അവകാശം, ഉപാധികളില്ലാതെ ആരാധന നടത്താനുള്ള അവകാശം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വിദേശ സംഭാവനാ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ഭേദഗതി ചെയ്ത ശേഷം ക്ഷേമ ബോര്‍ഡ് രൂപവല്‍ക്കരിക്കാനാണ് സാധ്യത. എഫ്.സി.ആര്‍.എ ഭേദഗതി പ്രകാരം കണ്ടുകെട്ടുന്ന സ്വത്തുക്കള്‍ ഈ ക്ഷേമ ബോര്‍ഡിന് കീഴിലാക്കാനും ആലോചനയുണ്ട്. ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കുകയോ കാലാവധി കഴിഞ്ഞ് പുതുക്കാതിരിക്കുകയോ ചെയ്താല്‍ വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് വ്യവസ്ഥ. ഇത്തരം സ്വത്തുക്കള്‍ നിയന്ത്രിക്കാനും പരിപാലിക്കാനും ഒരു പ്രത്യേക അതോറിറ്റിയെ നിയമിക്കാനും ആലോചനയുണ്ട്. ഈ അതോറിറ്റി പുതുതായി രൂപവല്‍കരിക്കുന്ന ക്ഷേമ ബോര്‍ഡ് ആയിരിക്കുമെന്നാണ് സൂചന.
അതേസമയം ക്രൈസ്തവ സഭകളുടെയും പുരോഹിതരുടെയും അവകാശങ്ങള്‍ ഹനിക്കുന്നതാകും ബോര്‍ഡ് എന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. എഫ്.സി.ആര്‍.എ ഭേദഗതിക്ക് പിന്നാലെ ബോര്‍ഡ് രൂപവല്‍കരണത്തിനെതിരേയും ക്രൈസ്തവ വിഭാഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. എഫ്.സി.ആര്‍.എ ഭേദഗതി കൊടുങ്കാറ്റാണെങ്കില്‍ ക്രിസ്ത്യന്‍ വെല്‍ഫെയര്‍ ബോര്‍ഡ് സുനാമിയായി മാറുമെന്നാണ് വിലയിരുത്തല്‍.
ക്രൈസ്തവ സഭയുടെ ചട്ടക്കൂട് കാനോന്‍ നിയമത്തില്‍ അധിഷ്ഠിതമാണ്. ആ നിയമം അനുസരിച്ച് സഭയ്ക്കുള്ള അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള ചിലരുടെ നീക്കമാണ് ബോര്‍ഡ് രൂപവല്‍കരണത്തിന് പിന്നില്‍ എന്നാണ് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.