'പാക് പ്രധാന മന്ത്രിയുടെ ട്വീറ്റ് യു.എസില്‍ ഇരുന്ന് ആരോ എഴുതിക്കൊടുത്തതാണെന്നാണല്ലോ കേള്‍ക്കുന്നത്'; യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍ പാകിസ്ഥാനെ പരിഹസിച്ച് ശശി തരൂര്‍

 'പാക് പ്രധാന മന്ത്രിയുടെ ട്വീറ്റ് യു.എസില്‍ ഇരുന്ന് ആരോ എഴുതിക്കൊടുത്തതാണെന്നാണല്ലോ കേള്‍ക്കുന്നത്'; യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍ പാകിസ്ഥാനെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാനുള്ള ചര്‍ച്ചകളോടനുബന്ധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്‌സില്‍ പങ്കുവച്ച കുറിപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പാകിസ്ഥാനിലെത്തിയ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷെരീഫിന്റെ പോസ്റ്റിന് മുകളില്‍ 'Draft - Pakistan's PM Message on X' എന്ന തലക്കെട്ട് വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

'പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആ ട്വീറ്റ് വാഷിങ്ടണില്‍ ഇരുന്ന് ആരോ എഴുതിക്കൊടുത്തതാണെന്നാണല്ലോ കേള്‍ക്കുന്നത്. ഇപ്പോ ഞാനും നിങ്ങളും ചേര്‍ന്ന് നമ്മുടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി എന്തെങ്കിലും എഴുതുകയാണെങ്കില്‍, അതിന്റെ മുകളില്‍ 'പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള ഡ്രാഫ്റ്റ്' എന്ന് നമ്മള്‍ എഴുതിവയ്ക്കുമോ? അമേരിക്കയുമായി ചേര്‍ന്ന് ഇങ്ങനെയൊക്കെയുള്ള കളി കളിക്കാന്‍ പാകിസ്ഥാന് മാത്രമേ സാധിക്കൂ' എന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.

ഇതൊന്നും കണ്ട് നമ്മള്‍ പേടിക്കേണ്ട കാര്യമില്ല. ഈ വിഷയത്തില്‍ പാകിസ്ഥാന്റെ താല്‍പര്യങ്ങള്‍ നമ്മുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവിടെ അവരുമായി നമുക്ക് ഒരു മത്സരവുമില്ല. എങ്ങനെയെങ്കിലും അവിടെ സമാധാനം ഉണ്ടായാല്‍ മതി. കാരണം ഈ യുദ്ധം ഇന്ത്യയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനാണോ അതോ മറ്റാരെങ്കിലും ആണോ മധ്യസ്ഥത വഹിക്കുന്നത് എന്നതിലല്ല കാര്യം, യുദ്ധം അവസാനിക്കണം എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്നും അദേഹം പറഞ്ഞു.

ഇറാനുമായി 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്ഥാന്‍. യുദ്ധം രൂക്ഷമായാല്‍ അഭയാര്‍ത്ഥി പ്രവാഹം ആദ്യം ബാധിക്കുക പാകിസ്ഥാനെയാണ്. നയതന്ത്ര കാര്യങ്ങളില്‍ ചിലപ്പോള്‍ നിശബ്ദത പാലിക്കുന്നതും വലിയൊരു കാര്യമാണ്. ഇന്ത്യ ഏത് തരത്തിലുള്ള ഇടപെടലാണ് നടത്തേണ്ടതെന്ന് നമ്മള്‍ കൃത്യമായി ചിന്തിക്കണം. ചിലപ്പോഴൊക്കെ ഒച്ചപ്പാടില്ലാതെ മിണ്ടാതിരിക്കുന്നതാകും ഏറ്റവും വലിയ സഹായം.

പാകിസ്ഥാന്‍ മധ്യസ്ഥനാകുന്നത് ഇന്ത്യയുടെ വിദേശ നയത്തിന് തിരിച്ചടിയാണെന്ന വിമര്‍ശനത്തോടൊന്നും തനിക്ക് യോജിപ്പില്ല. ഇന്ത്യ ഉത്തരവാദിത്തമുള്ള ഒരു രാജ്യമാണ്. പക്ഷേ ഒന്നിലും ഇടപെടാതെ വെറുതെ ഇരിക്കരുത്. ആ ഒരു വിടവ് വലിയ അപകടമാണ്. അത് നമ്മളെ പല രീതിയിലും ദോഷകരമായി ബാധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.