ഓസ്‌ട്രേലിയൻ വിസ ചട്ടങ്ങൾ കടുക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി; വിസ നിരസിക്കൽ റെക്കോർഡിലേക്ക്

ഓസ്‌ട്രേലിയൻ വിസ ചട്ടങ്ങൾ കടുക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി; വിസ നിരസിക്കൽ റെക്കോർഡിലേക്ക്

മെൽബൺ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിൽ ഓസ്‌ട്രേലിയ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ പ്രതിസന്ധിയിൽ. 2026 ന്റെ തുടക്കം മുതൽ വിസ നിരസിക്കപ്പെടുന്നവരുടെ എണ്ണം സർവ്വകാല റെക്കോർഡിലെത്തി. വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഈ നീക്കം.

പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 32.5 ശതമാനം നിരസിക്കപ്പെട്ടു. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025 ൽ ഇത് 15.5 ശതമാനം മാത്രമായിരുന്നു.

നേപ്പാളില്‍ നിന്നുള്ള അപേക്ഷകളില്‍ 60.2 ശതമാനം, ബംഗ്ലാദേശില്‍ നിന്നുള്ളവയില്‍ 47.2 ശതമാനം, ഇന്ത്യയില്‍ നിന്നുള്ളവയില്‍ 40 ശതമാനം എന്നിങ്ങനെ നിരസിക്കപ്പെട്ടു. അതേസമയം ചൈനയില്‍ നിന്നുള്ള അപേക്ഷകളില്‍ നിരസിക്കല്‍ നിരക്ക് 3 ശതമാനം മാത്രമായി നിലനില്‍ക്കുകയാണ്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള 'സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ ഫ്രെയിംവർക്ക്' വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി. എവിഡൻസ് ലെവൽ രണ്ടിൽ നിന്ന് മൂന്നിലേക്ക് മാറ്റിയതോടെ അപേക്ഷകർ ഇനി മുതൽ കൂടുതൽ സാമ്പത്തിക രേഖകളും പഠനലക്ഷ്യം വ്യക്തമാക്കുന്ന വിശദമായ രേഖകളും ഹാജരാക്കേണ്ടി വരും.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആകെ 34,000 വിസകൾ മാത്രമാണ് ഓസ്‌ട്രേലിയ അനുവദിച്ചത്. കോവിഡ് കാലഘട്ടം മാറ്റിനിർത്തിയാൽ 2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രാജ്യത്തെ കുടിയേറ്റ നിരക്ക് നിയന്ത്രിക്കാനും പാർപ്പിട സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനുമാണ് ഓസ്‌ട്രേലിയൻ സർക്കാർ ഈ കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ തീരുമാനം വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.