'രഹസ്യമായല്ല, പരസ്യമായി വോട്ട് ചോദിക്കാന്‍ സഭയ്ക്ക് അവകാശമുണ്ട്'; ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

'രഹസ്യമായല്ല, പരസ്യമായി വോട്ട് ചോദിക്കാന്‍ സഭയ്ക്ക് അവകാശമുണ്ട്'; ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്ന്  മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സഭയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി നേതാവ് പി.സി ജോര്‍ജിന് പരോക്ഷ മറുപടിയുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മത നേതാക്കളെ കുറിച്ച് മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സംസാരിക്കുന്നു. കൈയടിക്ക് വേണ്ടിയോ സംസ്‌കാരമില്ലാതെ 'ചാനല്‍ ഭാഷകള്‍' സൃഷ്ടിക്കുന്നതിന് വേണ്ടിയോ ഇത്തരം സംസാരങ്ങള്‍ നടത്തരുതെന്നും അദേഹം ഓര്‍മിപ്പിച്ചു.

മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാന്‍ സാധിക്കില്ല. രഹസ്യമായല്ല പരസ്യമായി വോട്ട് ചോദിക്കാന്‍ സഭയ്ക്ക് അവകാശമുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മതനേതാക്കളെ കുറിച്ച് എന്തും വിളിച്ചു പറയുന്നു. വിമര്‍ശനം മാന്യമായ ഭാഷയിലാകണം.

പൊതുപ്രവര്‍ത്തകര്‍ മത നേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കുന്നത് ഈ നാട്ടില്‍ പതിവായിരിക്കുകയാണ്. ആരെയും പേരെടുത്ത് പറയുന്നില്ലെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കാതെ സംസാരിക്കുന്നത് വലിയ തെറ്റാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.

കാലങ്ങളായി രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവര്‍ തങ്ങളുടെ വ്യക്തിത്വത്തിന് ചേരാത്തവിധം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റായ സമീപനമാണ്. വൈദികരും മെത്രാന്മാരും എപ്പോഴും നിഷ്പക്ഷരായി മിണ്ടാതിരിക്കണമെന്ന് പറയുന്നത് ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. എപ്പോഴും നിഷ്പക്ഷരായിരിക്കുക എന്നാല്‍ എപ്പോഴും പ്രസക്തിയില്ലാത്തവനായി ഇരിക്കുക എന്നാണ് അര്‍ത്ഥം.

സഭയുടെ ഐഡന്റിറ്റി നിലനിര്‍ത്താന്‍ സത്യം ജനങ്ങളോട് പറയാന്‍ തങ്ങള്‍ക്കവകാശമുണ്ട്. വോട്ടിന്റെ കാര്യം രഹസ്യമായി പറയേണ്ട ഒന്നല്ല. അത് പരസ്യമായി ചോദിക്കാനും തങ്ങളുടെ നിലപാട് വ്യക്തമാക്കാനും സഭയ്ക്ക് അവകാശമുണ്ട്. സത്യം ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കാന്‍ പേടിക്കേണ്ട കാര്യമില്ലെന്നും പാലാ ബിഷപ്പ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.