വിഭജനത്തിന്റെ ലോകത്ത് അള്‍ജീരിയയിലെ ഈ ഐക്യം സമാധാനത്തിന്റെ ഒരു വലിയ അടയാളമെന്നും പാപ്പ.
അള്‍ജിയേഴ്‌സ്: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പത്ത് ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തിന് അള്‍ജീരിയയില്‍ ഉജ്വല തുടക്കം. 1954-62 കാലഘട്ടത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓര്‍മയ്ക്കായി നിര്‍മിച്ച 'മഖാം എച്ചാഹിദ്' എന്ന രക്തസാക്ഷി സ്മാരകത്തിലായിരുന്നു അള്‍ജിയേഴ്‌സില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം.
സമാധാനത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്ന് അവിടെ നടന്ന പൊതുസമ്മേളനത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യം എന്നത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും അത് ഓരോ ദിവസവും നാം പുതുതായി തിരഞ്ഞെടുക്കേണ്ട മൂല്യമാണെന്നും പാപ്പ വ്യക്തമാക്കി.
തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അള്‍ജീരിയന്‍ പ്രസിഡന്റുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തി. 'ജാമ എല്‍ ജാസിര്‍' കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന ചടങ്ങില്‍ നയതന്ത്ര പ്രതിനിധികളെയും സിവില്‍ സമൂഹത്തെയും അഭിസംബോധന ചെയ്ത മാര്‍പാപ്പ, ലോകത്ത് വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും മാനവികതയെ ബഹുമാനിക്കാനും ഭരണാധികാരികള്‍ തയാറാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് അള്‍ജിയേഴ്‌സിലെ ഗ്രേറ്റ് മോസ്‌ക് സന്ദര്‍ശിച്ച മാര്‍പാപ്പ, റെക്ടര്‍ മുഹമ്മദ് മമൂണ്‍ അല്‍ ഖാസിമിയുമായി ആശയ വിനിമയം നടത്തി. മുസ്ലീം ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം സജീവമാണെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ ഇരു മതവിഭാഗങ്ങളും തമ്മിലുള്ള ബഹുമാനവും സഹിഷ്ണുതയും വരും കാലങ്ങളില്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. പിന്നീട് ബാബ് എല്‍ ഔദിലെ അഗസ്തീനിയന്‍ മിഷനറി സിസ്റ്റേഴ്‌സിന്റെ കേന്ദ്രം സന്ദര്‍ശിക്കുകയും അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട സന്യാസിനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
അവര്‍ ലേഡി ഓഫ് ആഫ്രിക്ക ബസിലിക്കയില്‍ (Our Lady of Africa) നടന്ന പ്രാര്‍ഥനാ സംഗമത്തോടെയാണ് ആദ്യ ദിനത്തിലെ പ്രധാന ചടങ്ങുകള്‍ അവസാനിച്ചത്. കനത്ത മഴയെയും കാറ്റിനെയും അവഗണിച്ച് നൂറുകണക്കിന് വിശ്വാസികളും വിവിധ മത വിഭാഗങ്ങളിലുളളവരും മാര്‍പാപ്പയെ സ്വീകരിക്കാന്‍ പലയിടങ്ങളിലും തടിച്ചു കൂടിയിരുന്നു.
വിഭജനത്തിന്റെ ലോകത്ത് അള്‍ജീരിയയിലെ ഈ ഐക്യം സമാധാനത്തിന്റെ ഒരു വലിയ അടയാളമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ഏപ്രില്‍ 13 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.