കേരളത്തിലെ കത്തോലിക്കാ സഭയുടെ നട്ടെല്ലായ സന്യാസ സമൂഹങ്ങളെ ലക്ഷ്യം വെച്ച് കഴിഞ്ഞ ഒരു ദശാബ്ദമായി നടക്കുന്നത് ആസൂത്രിതമായ നീക്കങ്ങളെന്ന് സൂചന. നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകകളായ കന്യാസ്ത്രീകളെ സമൂഹ മധ്യത്തില്‍ അപമാനിച്ച്, ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തിരിപ്പിക്കുക എന്ന കൃത്യമായ അജണ്ട ഇതിന് പിന്നിലുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയ ആക്രമണങ്ങളും വെറും യാദൃശ്ചികമല്ല. ചില ഭീകര സംഘടനകളുടെയും അവരുടെ സ്ലീപ്പിങ് സെല്ലുകളുടെയും പിന്തുണ ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയുടെ അടിത്തറ ഇളക്കാന്‍ സന്യാസ സമൂഹങ്ങളെ തകര്‍ക്കുക എന്നത് ഇവരുടെ ഒന്നാം ഘട്ട ലക്ഷ്യമായിരുന്നു. വഞ്ചി സ്‌ക്വയര്‍ പോലുള്ള വേദികള്‍ ഇതിനായി ഉപയോഗിക്കപ്പെട്ടത് ഇത്തരം ബാഹ്യശക്തികളുടെ സ്വാധീനത്തിലാണെന്ന് ആരോപണമുയരുന്നു.
ബാഹ്യശക്തികളുടെ ഈ അജണ്ട നടപ്പിലാക്കാന്‍ സഭയ്ക്കുള്ളിലെ തന്നെ ചില വിമത വൈദികരെയും സന്യസ്തരെയും അവര്‍ ചാവേറുകളായി ഉപയോഗിച്ചു. സഭയുടെ അച്ചടക്കത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്ന ഇവര്‍ക്ക് വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധയും ഫണ്ടിങും ലഭിച്ചത് ഇതിന്റെ ഭാഗമാണ്. വഞ്ചീസ്‌ക്വയറില്‍ സഭയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ യഥാര്‍ത്ഥത്തില്‍ സഭയെ സ്‌നേഹിക്കുന്നവരല്ല, മറിച്ച് സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ കരുക്കളായിരുന്നു എന്നാണ് വിലയിരുത്തല്‍.
കലാ സൃഷ്ടികളിലൂടെ കന്യാസ്ത്രീകളെ മോശമായി ചിത്രീകരിക്കുക എന്നത് ഈ സംഘങ്ങളുടെ വിജയകരമായ തന്ത്രമായിരുന്നു. സന്യാസ ജീവിതത്തെ ഒരു തടവറയായും പീഡന കേന്ദ്രമായും ചിത്രീകരിക്കുന്ന സിനിമകളും ചര്‍ച്ചകളും വഴി പൊതുസമൂഹത്തിന്റെ മനസ് മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. കന്യാസ്ത്രീകളെ സ്മാര്‍ത്തവിചാരത്തിന് സമാനമായ സാഹചര്യങ്ങളിലേക്ക് വലിച്ചെറിയുന്ന ഇത്തരം പ്രവണതകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.
ഈ സംഘടിത ആക്രമണങ്ങളുടെ ഏറ്റവും വലിയ പ്രത്യാഘാതം ഇന്ന് കേരളത്തിലെ മഠങ്ങളില്‍ കാണാം. പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ വേട്ടയാടല്‍ കാരണം ഇന്ന് കേരളത്തില്‍ നിന്ന് സന്യാസ ജീവിതത്തിലേക്ക് കടന്നുവരാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നു. മാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ വാര്‍ത്തകള്‍ കണ്ട് ഭയന്ന്, തങ്ങളുടെ മക്കളെ സന്യാസ സഭകളിലേക്ക് വിടാന്‍ മാതാപിതാക്കളും ഇന്ന് തയ്യാറാകുന്നില്ല.
കേരളത്തില്‍ നിന്നുള്ള ദൈവ വിളികള്‍ ഇപ്പോള്‍ തുലോം തുച്ഛമായിരിക്കുന്നു. ഇത് ഭാവിയില്‍ സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കും.
തങ്ങളുടെ ഒന്നാം ഘട്ടം വിജയിച്ചുവെന്ന അഹങ്കാരത്തിലാണ് സഭ വിരുദ്ധ ശക്തികള്‍. സേവനത്തിന്റെ പാത തിരഞ്ഞെടുത്ത നിഷ്‌കളങ്കരായ കന്യാസ്ത്രീകളെ വേട്ടയാടിക്കൊണ്ട് സഭയുടെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിശ്വാസ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.