കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്‌ഐആറുകള്‍.
മലേഷ്യന്‍ ബന്ധമുള്ള ഇസ്ലാം മത പ്രഭാഷകന്‍ നിരീക്ഷണത്തില്‍.
വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.
സംഭവം അതീവ ഗുരുതരമെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍.
അങ്ങേയറ്റം ആശങ്കാജനകവും വേദനാജനകവുമെന്ന് കമ്പനി അധികൃതര്‍.
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ബിപിഒ കേന്ദ്രം താല്‍ക്കാലികമായി അടച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈനായി ജോലി ചെയ്യാന്‍ വ്യാഴാഴ്ച കമ്പനി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. തൊഴിലിടത്തില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന മാനസിക പീഡനങ്ങളും മതപരമായ വിവേചനങ്ങളും പുറത്തു വന്നതോടെയാണ് ഓഫീസ് അടച്ചു പൂട്ടിയത്.
ഏറെ ഗുരുതരമായ കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ നല്‍കിയ പരാതികളെ തുടര്‍ന്ന് എച്ച്.ആര്‍ മാനേജര്‍ നിദാ ഖാന്‍ ഉള്‍പ്പെടെ ഇതുവരെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പിന്നില്‍ മറ്റ് വിദേശ ബന്ധങ്ങളോ സാമ്പത്തിക ഉറവിടങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം, ലൈംഗിക, മാനസിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ടിസിഎസ് കേന്ദ്രം നിരീക്ഷണത്തിലായത്.
വര്‍ഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് കുറഞ്ഞത് എട്ട് വനിതാ ജീവനക്കാരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കാനും താല്‍പര്യമില്ലാത്ത മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും ജീവനക്കാരെ നിര്‍ബന്ധിച്ചിരുന്നതായും ആരോപണങ്ങളുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്‌ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു പുരുഷ ജീവനക്കാരന്റെ ഭാഗത്തു നിന്നുണ്ടായ മതപരമായ പീഡനവും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമവും സംബന്ധിച്ച പരാതിയും ഉള്‍പ്പെടുന്നു. ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
നിദാ ഖാന്‍, ഡാനിഷ് ഷെയ്ഖ്, തൗസീഫ് അത്താര്‍, റാസ മേമന്‍, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാര്‍, ഷാരൂഖ് ഷെയ്ഖ്, അശ്വിനി ചൈനാനി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പുരുഷന്മാര്‍ ജോലി സ്ഥലത്ത് ഒരു പ്രത്യേക സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് നാസിക് പോലീസ് കമ്മീഷണര്‍ സന്ദീപ് കര്‍ണിക് പറയുന്നു. പ്രധാനമായും വനിതാ ജീവനക്കാരെ ലക്ഷ്യം വെച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
അറസ്റ്റിലായ ഈ ഏഴ് പുരുഷ ജീവനക്കാരും മിക്ക കേസുകളിലും കൂട്ടുപ്രതികളാണ്. ഇത് അവര്‍ ഒരു സംഘമായി പ്രവര്‍ത്തിച്ചു എന്നതാണ് സൂചിപ്പിക്കുന്നത്. പ്രതികളില്‍ ചിലര്‍ ടീം ലീഡര്‍മാരെപ്പോലെയുള്ള അധികാര സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരാണ്. സഹപ്രവര്‍ത്തകരെ ഉപദ്രവിക്കാന്‍ ഈ പദവികള്‍ അവര്‍ ദുരുപയോഗം ചെയ്തിരുന്നതായും കമ്മീഷണര്‍ പറഞ്ഞു.

അറസ്റ്റിലായ എച്ച്. ആര്‍ മാനേജരായ നിദാ ഖാന്‍ 'ഇതൊക്കെ സാധാരണയായി സംഭവിക്കുന്നതാണ്' എന്ന് പറഞ്ഞ് ഇരയെ പരാതി നല്‍കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയും പ്രതികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
ഈ സംഘത്തിന് മറ്റ് രാജ്യങ്ങളിലെ ഏതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും ഏതെങ്കിലും തരത്തിലുള്ള ഫണ്ടിങ് ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കാന്‍ പോലീസ് സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഭീകര വിരുദ്ധ സേന, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തുടങ്ങിയ ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. മലേഷ്യന്‍ ബന്ധമുള്ള ഇസ്ലാം മത പ്രഭാഷകന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്.
സംഭവത്തെക്കുറിച്ച് ആദ്യമായി പരാതി നല്‍കാനെത്തിയ യുവതിക്ക് കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഭയവും മടിയും ഉണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ പിന്തുണയ്ക്കും കൗണ്‍സിലിങ്ങിനും ശേഷമാണ് ഇവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അതിനുശേഷമാണ് കൂടുതല്‍ ഇരകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതാണ് കേസില്‍ ഒന്നിലധികം എഫ്‌ഐആറുകള്‍ ഉണ്ടാകാന്‍ കാരണമായതെന്ന് കമ്മീഷണര്‍ സന്ദീപ് കര്‍ണിക് പറഞ്ഞു.
ജീവനക്കാരുമായി ആശയവിനിമയം നടത്താനും പരാതികള്‍ പ്രോത്സാഹിപ്പിക്കാനും ഒരു വനിതാ ഡെപ്യൂട്ടി പോലീസ് കമ്മീഷണറെയും വനിതാ ഉദ്യോഗസ്ഥരെയും ഓഫീസില്‍ വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ ഏപ്രില്‍ 18 ന് ടിസിഎസ് ബിപിഒ യൂണിറ്റില്‍ നേരിട്ട് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ലൈംഗിക പീഡന ആരോപണങ്ങള്‍ 'അങ്ങേയറ്റം ആശങ്കാജനകവും വേദനാജനകവുമാണ്' എന്നാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വസ്തുതകള്‍ കണ്ടെത്താനും ഇതിന്റെ ഉത്തരവാദികളെ തിരിച്ചറിയാനും ടിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആരതി സുബ്രഹ്‌മണ്യത്തിന്റെ കീഴില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുള്ളതായും അദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.