'സീറ്റ് വര്‍ധനവ് അനുവദിക്കില്ല'; വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷ ബഹളം: വോട്ടെടുപ്പ് വൈകുന്നേരം നാലിന്

'സീറ്റ് വര്‍ധനവ് അനുവദിക്കില്ല'; വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷ ബഹളം: വോട്ടെടുപ്പ് വൈകുന്നേരം നാലിന്

ന്യൂഡല്‍ഹി: നിര്‍ദിഷ്ട വനിതാ സംവരണ ബില്ലില്‍ ഇന്ന് വൈകുന്നേരം നാലിന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ 2023 ലെ ബില്ല് തിടുക്കത്തില്‍ വിജ്ഞാപനം ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.

പുതിയ ബില്ലിന്റെ ചര്‍ച്ച നടക്കുന്നതിനിടെ ആദ്യ വനിതാ സംവരണ നിയമം ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ഇറക്കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കെ.സി വേണുഗോപാലാണ് ഇക്കാര്യം സഭയില്‍ ആദ്യം ഉന്നയിച്ചത്.

ഡിഎംകെ എംപി കനിമൊഴിയും മറ്റ് പ്രതിപക്ഷ അംഗങ്ങളും ഇത് ആവര്‍ത്തിച്ചതോടെ സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങി. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെടുത്തിയുള്ള ബില്ലെന്ന് കനിമൊഴി ആരോപിച്ചു. ബില്‍ ജെപിസിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കിയാല്‍ ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുളള സീറ്റുകളുടെ അന്തരം വര്‍ധിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. നോട്ട് നിരോധനത്തിലെ അതേ വേഗതയാണ് മണ്ഡല പുനര്‍നിര്‍ണയത്തിലുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

വനിതാ സംവരണം നടപ്പിലാക്കാന്‍ തയ്യാറാണെന്നും മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. നിലവിലുള്ള എംപിമാര്‍ക്ക് തന്നെ സഭയില്‍ സംസാരിക്കാന്‍ സമയം കിട്ടുന്നില്ല. അപ്പോഴെങ്ങനെയാണ് 800 ലധികം പേര്‍ക്ക് സമയം ലഭിക്കുകയെന്നും തരൂര്‍ ചോദിച്ചു.

അതേസമയം, വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം നാലിന് നടക്കും. ബില്ല് പാസാകാന്‍ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാല്‍ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് അതില്‍ വനിതാ സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനര്‍നിര്‍ണയം നടത്താമെന്നും പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി.

എന്നാല്‍ സ്ത്രീകളുടെ അവകാശം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കുമ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയര്‍ത്തുന്ന പ്രധാന വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.