ടെഹ്‌റാൻ: പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ വെടിവെപ്പ്. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ മേഖലയിൽ സംഘർഷം വീണ്ടും മൂർച്ഛിച്ചിരിക്കുകയാണ്.
ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി യാത്ര ചെയ്യുകയായിരുന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് ഗൺബോട്ടുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ വെടിയുതിർക്കുകയായിരുന്നു എന്ന് കപ്പൽ ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹോർമുസ് തുറക്കാൻ ഇറാൻ തയ്യാറായെങ്കിലും ഇറാൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അമേരിക്ക പിൻവലിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂറിനകം ഇറാൻ കടലിടുക്ക് വീണ്ടും അടച്ചത്. ഇസ്ലമാബാദിൽ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറാൻ ഇത് കാരണമായി.
സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്നതടക്കമുള്ള അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ തുടരണമെങ്കിൽ ഉപരോധം പിൻവലിക്കുകയും അനാവശ്യ നിബന്ധനകൾ ഒഴിവാക്കുകയും വേണമെന്നാണ് ഇറാന്റെ നിലപാട്. നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 23 കപ്പലുകൾ തടഞ്ഞ് തിരിച്ചയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണെന്നും പഴയ സ്ഥിതി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.