മലേഷ്യയിലെ 'വാട്ടര്‍ വില്ലേജില്‍' വന്‍ തീപ്പിടിത്തം: ആയിരത്തോളം വീടുകള്‍ കത്തിനശിച്ചു ആളപായമില്ലെന്ന് അധികൃതര്‍

മലേഷ്യയിലെ 'വാട്ടര്‍ വില്ലേജില്‍' വന്‍ തീപ്പിടിത്തം: ആയിരത്തോളം വീടുകള്‍ കത്തിനശിച്ചു ആളപായമില്ലെന്ന് അധികൃതര്‍

ക്വലാലംപൂര്‍: മലേഷ്യയിലെ സബായിലെ തീരദേശ ഗ്രാമത്തില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ആയിരത്തോളം വീടുകള്‍ കത്തിനശിച്ചു. സന്ദക്കാന്‍ ജില്ലയിലെ 'വാട്ടര്‍ വില്ലേജ്' എന്ന് വിളിക്കപ്പെടുന്ന മേഖലയിലെ താല്‍കാലിക വീടുകള്‍ക്കാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. ഏകദേശം ഒന്‍പതിനായിരത്തോളം ആളുകളെ ദുരന്തം ബാധിച്ചതായാണ് പ്രാഥമിക വിവരം.

ഞായറാഴ്ച പുലര്‍ച്ചെ 1:32 ഓടെയാണ് തീ പടര്‍ന്നത്. മരം കൊണ്ട് നിര്‍മിച്ചതും വെള്ളത്തിന് മുകളില്‍ തൂണുകളില്‍ നില്‍ക്കുന്നതുമായ വീടുകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. 10 ഏക്കറോളം സ്ഥലത്തെ വീടുകള്‍ ചാരമായതായാണ് വിവരം. പ്രദേശം ഇടുങ്ങിയത് ആയതിനാല്‍ അഗ്‌നിശമന സേനാ വാഹനങ്ങള്‍ക്ക് സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. എങ്കിലും 37 ഓളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പൗരത്വമില്ലാത്തവരും മലേഷ്യയിലെ ഏറ്റവും ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരുമായ ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി താല്‍കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്ത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം നിര്‍ദേശം നല്‍കി. ഇരകളുടെ സുരക്ഷയ്ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദേഹം വ്യക്തമാക്കി.

സബായിലെ തീരദേശങ്ങളില്‍ ഇത്തരം വാട്ടര്‍ വില്ലേജുകള്‍ സാധാരണമാണെങ്കിലും സുരക്ഷാ സൗകര്യങ്ങളുടെ അഭാവം പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.