ദുരിതമനുഭവിക്കുന്ന അങ്കോളൻ ജനതയെ ചേർത്തുപിടിച്ച് മാർപാപ്പ: ഒറ്റയ്ക്കല്ലെന്നും സ്നേഹനിധിയായ ദൈവത്താൽ ഒരുക്കപ്പെട്ടിരിക്കുന്ന ഭാവി കാത്തിരിപ്പുണ്ടെന്നും ഓർമ്മപ്പെടുത്തൽ

ദുരിതമനുഭവിക്കുന്ന അങ്കോളൻ ജനതയെ ചേർത്തുപിടിച്ച് മാർപാപ്പ: ഒറ്റയ്ക്കല്ലെന്നും സ്നേഹനിധിയായ ദൈവത്താൽ ഒരുക്കപ്പെട്ടിരിക്കുന്ന ഭാവി കാത്തിരിപ്പുണ്ടെന്നും ഓർമ്മപ്പെടുത്തൽ

ലുവാണ്ട: തിരുസഭയുടെ പ്രബോധനങ്ങളോടുള്ള വിശ്വസ്തതയിൽ നിലനിൽക്കാനും അജപാലകരിൽ വിശ്വാസം അർപ്പിക്കാനും തിരുവചനത്തിലൂടെയും വിശുദ്ധ കുർബാനയിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തുന്ന യേശുവിൽ ദൃഷ്ടിയുറപ്പിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ആഫ്രിക്കയിലെ ചതുർരാഷ്ട്ര സന്ദർശനത്തിനിടെ, അങ്കോളയുടെ തലസ്ഥാനമായ ലുവാണ്ടയ്ക്കു സമീപം കിലാംബയിൽ, ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകവെയാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഉത്ഥിതനായ യേശു ഇന്നും ജീവിക്കുന്നുവെന്നും അവിടന്ന് അങ്കോളയിലെ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നുവെന്നും മാർപാപ്പാ പറഞ്ഞു. വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയിട്ടുള്ള അങ്കോളൻ ജനത, അവരുടെ ഇടയിൽ കർത്താവിനെയും അവിടുത്തെ സാന്നിധ്യത്തെയും സ്വീകരിക്കുന്നപക്ഷം അവർക്ക് അനുഗ്രഹപൂർണവും സമാധാനപരവുമായ ഒരു ഭാവി ഉണ്ടാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെക്കുറിച്ച് ലൂക്കായുടെ സുവിശേഷം നൽകുന്ന വിവരണത്തെ അടിസ്ഥാനമാക്കിയാണ് പരിശുദ്ധ പിതാവ് വചന സന്ദേശം നൽകിയത്. കർത്താവിൻ്റെ ആ രണ്ടു ശിഷ്യന്മാർ ഹൃദയത്തിൽ മുറിവേറ്റവരും ദുഃഖിതരുമായാണ് ജെറുസലേമിൽനിന്ന് തങ്ങളുടെ ഗ്രാമമായ എമ്മാവൂസിലേക്ക് യാത്രയായത്. അവർ വിശ്വാസമർപ്പിക്കുകയും പിന്തുടരുകയും ചെയ്ത യേശുവിൻ്റെ മരണം അവരെ മ്ലാനവദനരാക്കി.

സുവിശേഷ വായനയുടെ പ്രാരംഭത്തിലുള്ള ഈ ചിത്രം അങ്കോളയുടെ ചരിത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ലിയോ പാപ്പാ പറഞ്ഞു. പാപ്പാ തുടർന്നു: 'മനോഹരമെങ്കിലും മുറിവേറ്റ ഒരു ചരിത്രമാണ് നിങ്ങളുടെ രാജ്യത്തിനുള്ളത്. പ്രത്യാശയ്ക്കും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് നിങ്ങളുടേത്.'

ആഭ്യന്തര യുദ്ധവും ശത്രുതയും വിഭാഗീയതയും മൂലമുള്ള കെടുതികളാലും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണത്താലും ദാരിദ്ര്യമനുഭവിക്കുന്ന അങ്കോളൻ ജനതയുടെ അവസ്ഥ, ആ രണ്ടു ശിഷ്യർ വഴിമധ്യേ പ്രകടിപ്പിച്ച നിരാശയെ അനുസ്മരിപ്പിക്കുന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പ്രതീക്ഷകൾ അസ്തമിക്കാനും നിരുത്സാഹത്താൽ തളർന്നുപോകാനും സാധ്യതയുള്ള സാഹചര്യമാണിതെന്നും പാപ്പാ പറഞ്ഞു.

നിരാശയിലാണ്ടുപോയ ആ ശിഷ്യന്മാരുടെ യാത്രയിൽ കർത്താവ് കൂട്ടാളിയാവുകയും അവരുടെ വേദനകൾക്ക് അപ്പുറത്തേക്ക് നോക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്തു. അവർ ഒറ്റയ്ക്കല്ലെന്നും സ്നേഹനിധിയായ ദൈവത്താൽ ഒരുക്കപ്പെട്ടിരിക്കുന്ന ഒരു ഭാവി അവരെ കാത്തിരിപ്പുണ്ടെന്നും അവിടുന്ന് ഓർമ്മപ്പെടുത്തി.

കർത്താവ് നമ്മോടൊപ്പവും സഞ്ചരിക്കുന്നു

"പ്രിയ സുഹൃത്തുക്കളേ, ഇന്ന് നമുക്കുള്ള സുവിശേഷ സന്ദേശം ഇതാണ്: കർത്താവ് ഉയിർത്തെഴുന്നേറ്റു, അവിടന്ന് ജീവിക്കുന്നു, കഷ്ടപ്പാടുകളുടെ കയ്പ്പേറിയ പാതയിലൂടെ നാം സഞ്ചരിക്കുമ്പോൾ അവിടന്ന് നമ്മോടൊപ്പമുണ്ട്" - ലിയോ പാപ്പാ അടിവരയിട്ടു പറഞ്ഞു. അവിടത്തെ പ്രവൃത്തികൾ തിരിച്ചറിയാൻ തക്കവിധം അവിടന്ന് നമ്മുടെ കണ്ണുകൾ തുറക്കുകയും യാത്ര വീണ്ടും ആരംഭിക്കാനും ഭാവി പുനർനിർമ്മിക്കാനും വേണ്ട കൃപ നമുക്ക് നൽകുകയും ചെയ്യുന്നു.

'ഇക്കാരണത്താൽ, നിങ്ങളുടെ സംസ്കാരത്തിൻ്റെതന്നെ വേരുകളായി വർത്തിക്കുന്ന മതാചാരങ്ങളെക്കുറിച്ച് എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം. ആത്മീയയാത്രയിൽ നമ്മെ സഹായിക്കാത്ത മന്ത്രവാദവും അന്ധവിശ്വാസത്തിന്റെ ഘടകങ്ങളും ഇടകലരാനും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്' - പാപ്പാ മുന്നറിയിപ്പു നൽകി.

സഭ പഠിപ്പിക്കുന്ന കാര്യങ്ങളോട് വിശ്വസ്തത പുലർത്തുകയും അജപാലകരിൽ വിശ്വാസമർപ്പിക്കുകയും തിരുവചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തുന്ന യേശുവിൽ ദൃഷ്ടി ഉറപ്പിക്കുകയും ചെയ്യണം. ഉത്ഥിതനായ കർത്താവ് നമ്മോടൊപ്പമുണ്ട്. നമ്മെ ചുറ്റിവളയുന്ന മരണത്തെ തോൽപ്പിച്ച് ഉയിർപ്പിക്കപ്പെടുന്നരോടൊപ്പം ജീവിക്കുന്ന അനുഭവം നമുക്കുണ്ടാകും - പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി.

പ്രത്യാശയുള്ള ഭാവി പടുത്തുയർത്തുന്നവരാകാം

ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൻ്റെ കൃപയാൽ, മുറിയപ്പെട്ട അപ്പമായി മാറാൻ നമുക്കും സാധിക്കും. പഴയ ഭിന്നതകളെല്ലാം മറികടക്കുകയും വിദ്വേഷവും അക്രമവും മറഞ്ഞുപോവുകയും നീതിയുടെയും പങ്കുവയ്ക്കലിന്റെയും ഒരു പുതിയ സംസ്കാരത്തിൽ അഴിമതിയുടെ മുറിവുകൾ സുഖപ്പെടുകയും ചെയ്യട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. ഭാവിയെ പ്രത്യാശയോടെ നോക്കിക്കാണാനും പടുത്തുയർത്താനും രാജ്യത്തെ വിശ്വാസികളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

'ഭയപ്പെടേണ്ട! അപ്പമായി തന്നെത്തന്നെ വിഭജിച്ചു തരുന്ന ഉയിർത്തെഴുന്നേറ്റ ക്രിസ്തു നിങ്ങളോടൊപ്പമുണ്ട്. അവിടത്തെ ഉത്ഥാനത്തിന് സാക്ഷികളാകാനും ഒരു പുതിയ മാനവികതയുടെയും പുതിയ സമൂഹത്തിന്റെയും വക്താക്കളാകാനും അവിടന്ന് നിങ്ങളെ വിളിക്കുന്നു' - തൻ്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

മാർപാപ്പമാരു‌ടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.