മാഡ്രിഡ്: സ്‌പെയിനിലെ കത്തോലിക്കാ സഭയ്ക്ക് പുത്തൻ ഉണർവ് പകർന്നുനൽകിക്കൊണ്ട് 17 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. മാഡ്രിഡിലെ വിഖ്യാതമായ അൽമുദേന കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾക്ക് മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ മുഖ്യകാർമ്മികത്വം വഹിച്ചു.
വിശ്വാസികളും സന്യസ്തരും സെമിനാരി വിദ്യാർത്ഥികളുമടങ്ങുന്ന വൻ ജനവലിയെ സാക്ഷിയാക്കിയാണ് ഈ പുണ്യനിമിഷങ്ങൾ അരങ്ങേറിയത്. രൂപതാ വൈദികരും വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായിരുന്നു ഈ 17 അംഗ സംഘം. പൗരോഹിത്യം പോലുള്ള ദൈവവിളികൾക്ക് മനുഷ്യൻ നൽകുന്ന പ്രത്യുത്തരമാണ് ലോകചരിത്രത്തെ തന്നെ മാറ്റിമറിക്കുന്നതെന്ന് കർദിനാൾ ജോസ് കോബോ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
"ചരിത്രം എന്നത് ഭൂതകാലം മാത്രമല്ല; അത് ഇന്നത്തെ മനുഷ്യർ ക്രിസ്തുവിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതു കൂടിയാണ്. 'എന്നെ അനുഗമിക്കുക' എന്ന കർത്താവിന്റെ വചനം ഇന്നും ചരിത്രത്തെ നയിച്ചുകൊണ്ടിരിക്കുന്നു." - കർദിനാൾ ജോസ് കോബോ പറഞ്ഞു.
പുതിയ പുരോഹിതന്മാരെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി പരിചരിക്കാൻ കർദിനാൾ വിശ്വാസികളോട് അഭ്യർത്ഥിച്ചു. ആരും ജനിക്കുമ്പോൾ തന്നെ പുരോഹിതനാകുന്നില്ലെന്നും അവർക്ക് വളരാനും തനതായ സേവനശൈലി കണ്ടെത്താനും വിശ്വാസികളുടെ പിന്തുണയും ഇടവും അനിവാര്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 3.4 ദശലക്ഷം വിശ്വാസികളുള്ള മാഡ്രിഡ് അതിരൂപതയെ സംബന്ധിച്ചിടത്തോളം, പൗരോഹിത്യത്തിലേക്കുള്ള ഈ പുതിയ കാൽവെപ്പുകൾ വലിയ ആത്മീയ ഊർജമാണ് നൽകുന്നത്. സഭയുടെ പ്രേഷിത ദൗത്യത്തിന് പുതിയ കരുത്ത് പകരാൻ ഈ നവവൈദികർക്ക് സാധിക്കുമെന്ന് വിശ്വാസികൾ പ്രത്യാശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.