വിക്ടോറിയയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യുവ ഗ്യാങുകള്‍ക്കെതിരെ കര്‍ശന നടപടി; 40 പേര്‍ അറസ്റ്റില്‍

വിക്ടോറിയയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യുവ ഗ്യാങുകള്‍ക്കെതിരെ കര്‍ശന നടപടി; 40 പേര്‍ അറസ്റ്റില്‍

മെൽബൺ: വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന യുവാക്കളുടെ വൻ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന വ്യാപകമായ റെയ്ഡുകളിലാണ് 17 മുതൽ 26 വയസ് വരെ പ്രായമുള്ള നാൽപതോളം പേർ അറസ്റ്റിലായത്. മെൽബൺ നഗരത്തിലും പരിസര പ്രദേശങ്ങളിലും ക്രമസമാധാനം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന സംഘങ്ങൾക്കെതിരെയാണ് പൊലീസ് 'സർജിക്കൽ' നടപടി സ്വീകരിച്ചത്.

പിടിക്കപ്പെട്ടവർക്കെതിരെ അതീവ ഗുരുതരമായ കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഈ സംഘത്തിലെ അംഗങ്ങൾ പ്രതികളാണ്. രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ചു കയറി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നത് ഇവരുടെ രീതിയായിരുന്നു.

നടുറോഡിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി ഉടമകളെ ആക്രമിച്ച് കാറുകൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ കഴിഞ്ഞ മാസങ്ങളിൽ വിക്ടോറിയയിൽ വർധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ ക്രിമിനൽ സംഘങ്ങൾ വിക്ടോറിയയിൽ സജീവമായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു. ആയിരക്കണക്കിന് ചെറുകിട-വൻകിട കുറ്റകൃത്യങ്ങളിൽ ഈ സംഘാംഗങ്ങൾ പങ്കാളികളായിട്ടുണ്ട്. യുവാക്കളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ സോഷ്യൽ മീഡിയ വഴിയാണ് പലപ്പോഴും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

കുറ്റകൃത്യങ്ങൾ അടിച്ചമർത്തുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പരിശോധനകൾ കർശനമാക്കുമെന്ന് വിക്ടോറിയ പൊലീസ് അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്നും കുറ്റവാളികൾക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.