കീവ്: റഷ്യ-ഉക്രെയ്ൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യുദ്ധമുഖങ്ങളിൽ നിന്ന് പുറത്തുവരുന്നത് ഉക്രെയ്ൻ സൈനികരുടെ നടുക്കുന്ന ദൃശ്യങ്ങൾ. കടുത്ത ഭക്ഷ്യക്ഷാമവും ശുദ്ധജലത്തിന്റെ അഭാവവും മൂലം മുൻനിര പോരാളികൾ ശാരീരികമായി അതീവ ദുർബലരാകുന്നതായാണ് റിപ്പോർട്ടുകൾ. കൃത്യമായ വിതരണ ശൃംഖലകൾ റഷ്യൻ ആക്രമണത്തിൽ തകർന്നതോടെ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെയാണ് പലരും ബങ്കറുകളിൽ കഴിയുന്നത്.
യുദ്ധം നീണ്ടുപോകുന്നതോടെ സൈനികർക്ക് ആവശ്യമായ അവശ്യസാധനങ്ങൾ എത്തിക്കാൻ ഉക്രെയ്ൻ സൈന്യത്തിന് സാധിക്കാത്ത അവസ്ഥയാണ്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന പോഷകാഹാരക്കുറവ് സൈനികരെ ശാരീരികമായി തളർത്തുന്നു. ലഭ്യമായ ചിത്രങ്ങളിൽ പല സൈനികരും അസ്ഥികൂടം പോലെ മെലിഞ്ഞ നിലയിലാണുള്ളത്. ആയുധങ്ങൾ പോലും കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധം ഇവർ ബലഹീനരായി മാറിയത് ഉക്രെയ്ന്റെ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഭക്ഷണമോ മരുന്നോ എത്തിക്കാൻ ശ്രമിക്കുന്ന വാഹനങ്ങളെ റഷ്യൻ ഡ്രോണുകളും ഷെല്ലാക്രമണങ്ങളും ലക്ഷ്യം വെക്കുന്നതാണ് തിരിച്ചടിയാകുന്നത്. കഠിനമായ മഞ്ഞു കാലത്തിന് പിന്നാലെ എത്തിയ കടുത്ത ചൂടും ജലക്ഷാമവും സൈനികരുടെ നില കൂടുതൽ വഷളാക്കി.
കുടിവെള്ളത്തിനായി മലിനജല സ്രോതസുകളെ ആശ്രയിക്കുന്നത് സൈനികർക്കിടയിൽ പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്നു. സൈനിക ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള പാതകളെല്ലാം റഷ്യൻ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.
മുൻനിരയിൽ പൊരുതുന്ന സൈനികരുടെ ഈ അവസ്ഥ യുക്രെയ്ൻ ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര സഹായം ലഭിക്കുന്നുണ്ടെങ്കിലും അവ യുദ്ധമുഖത്തെത്തിക്കുക എന്നത് അതിസാഹസികമായ ദൗത്യമായി തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.